

ഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള ജന്തർ മന്തർ പ്രതിഷേധത്തിന് മുന്നോടിയായി കോക്ക്രാറോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപകെയും സഹപ്രവർത്തകരും അറസ്റ്റിലായതോടെ ഇനിയാര് സമരത്തെ നയിക്കും എന്ന ചോദ്യം ഉയർന്നത്. എന്നാൽ ഇതിന് വൻ സസ്പെൻസ് ഒളിപ്പിച്ച് വെച്ചാണ് സിജെപി സമരമുഖത്ത് ഇറങ്ങിയത്.
ഡൽഹി പൊലീസ് അറസ്റ്റ് നാടകം നടത്തുമെന്ന് കണക്കുക്കൂട്ടിയ സിജെപി നേതൃത്വം മുൻകൂട്ടി തയ്യാറാക്കിയ വീഡിയോയിലൂടെ സിജെപി ഓർഗനൈസേഷൻ ഇൻ-ചാർജ് അജിങ്ക്യ ഷിൻഡെയെ പ്രതിഷേധത്തിൻ്റെ പുതിയ നേതാവായി പ്രഖ്യാപിച്ചു.
കോക്ക്രോച്ച് ജനതാ പാർട്ടിയുടെ ദേശീയ സംഘടനാ ചുമതലക്കാരനാണ് അജിങ്ക്യ ഷിൻഡെ. ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ പ്രഖ്യാപിച്ച 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിന് മുന്നോടിയായി പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ ഡൽഹി പൊലീസ് വിമാനത്തിനുള്ളിൽ വെച്ച് കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് സമരത്തിൻ്റെ നേതൃത്വം അജിങ്ക്യ ഷിൻഡെ ഏറ്റെടുത്തത്.
മഹാരാഷ്ട്രയിലെ ലാത്തൂർ സ്വദേശിയായ 35-കാരനായ അജിങ്ക്യ, നേരത്തെ ആം ആദ്മി പാർട്ടിയിൽ സജീവമായിരുന്നു. എഎപിയുടെ മഹാരാഷ്ട്ര യുവജന വിഭാഗം മുൻ സംസ്ഥാന അധ്യക്ഷനായും ഗോവ തെരഞ്ഞെടുപ്പിലെ സഹ ചുമതലക്കാരനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
റായ്ഗഡിലെ ഡോ. ബാബാസാഹേബ് അംബേദ്കർ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിടെകിൽ ബിരുദം നേടിയിട്ടുണ്ട്. രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുൻപ് പൂനെയിലെ ഒരു രാജ്യാന്തര ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. 2026 ഓഗസ്റ്റിലാണ് അദ്ദേഹം സിജെപിയുടെ ദേശീയ സംഘടനാ ചുമതലക്കാരനാകുന്നത്.
മാധ്യമങ്ങൾക്ക് മുന്നിൽ വരാതെ അണിയറയിൽ സിജെപിയുടെ സമരങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് അജിങ്ക്യ. ഒക്ടോബർ ആദ്യവാരം മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന പ്രതിഷേധങ്ങൾക്കും സിജെപിയുടെ രാജ്യവ്യാപകമായ സ്കൂൾ തീക് കരോ ക്യാമ്പെയ്നും നേതൃത്വം നൽകിയത് ഇദ്ദേഹമാണ്.