

ജമ്മു കശ്മീർ: പഹൽഗാം ഭീകരാക്രമണത്തിൽ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. ജമ്മു കശ്മീർ പ്രത്യേക കോടതിയിലാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. ടിആർഎഫ്, ലഷ്കർ സംഘടനകളുടെ പേരുകൾ കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്.
സംഭവത്തിന് ശേഷം നിരവധി പ്രാദേശിക ദൃക്‌സാക്ഷികൾ ഉൾപ്പെടെ രണ്ടായിരത്തോളം പേരെ എൻഐഎ ചോദ്യം ചെയ്തതിരുന്നു. കൂടാതെ ജമ്മു കശ്മീർ പൊലീസ് പ്രദേശത്തെ നൂറിലധികം വീടുകളിൽ റെയ്‌ഡും നടത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും അതിജീവിച്ചവരുടെയും ബന്ധുക്കളെയും എൻഐഎ ചോദ്യം ചെയ്തിരുന്നു.
2025 ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിൽ 25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ പങ്കെടുത്ത സുലൈമാൻ (ഫൈസൽ ജാട്ട്), അഫ്ഗാൻ, ജിബ്രാൻ എന്നീ മൂന്ന് ഭീകരരെ ജൂലൈ 22ന് ശ്രീനഗറിലെ ദച്ചിഗാം വനമേഖലയിൽ നടന്ന 'ഓപ്പറേഷൻ മഹാദേവ്' എന്ന സൈനിക നടപടിയിലൂടെ വധിച്ചിരുന്നു. ഇവർ പാകിസ്ഥാൻ സ്വദേശികളാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
സംഭവത്തിന് ദൃക്സാക്ഷിയായ ഒരു നാട്ടുകാരൻ്റെ മൊഴി കേസിൽ നിർണായകമായിരുന്നു. ഭീകരർക്ക് സഹായം നൽകിയ പർവേസും ബഷീറും ഭീകരരുടെ സാധനങ്ങൾ സൂക്ഷിക്കുകയും പിന്നീട് അവർക്ക് കൈമാറുകയും ചെയ്തതായും മറ്റു ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. കേസിൽ നിർണായക തെളിവുകളായി ഉപയോഗിച്ച വെടിയുണ്ടകളും അന്വേഷണ സംഘം സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിരുന്നു.