ബിസിനസും, ഇൻഷൂറൻസും തട്ടിയെടുക്കാൻ ഭർത്താവിനും മകനും സ്ലോ പോയിസൺ നൽകി ഭാര്യ; സംഭവം ഗാസിയാബാദിൽ

ഗാസിയാബാദിലെ ബിസിനസുകാരനാണ് ഈ ദുരനുഭവം
ബിസിനസും, ഇൻഷൂറൻസും തട്ടിയെടുക്കാൻ ഭർത്താവിനും മകനും സ്ലോ പോയിസൺ നൽകി ഭാര്യ; സംഭവം ഗാസിയാബാദിൽ
Published on: 
Updated on: 

ഗാസിയാബാദ്: 6 കോടി രൂപയുടെ ട്രാവൽ ഏജൻസിയും 2 കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസിയും തട്ടിയെടുക്കാൻ ഭർത്താവിന് സ്ലോ പോയിസൺ നൽകി ഭാര്യ. ഗാസിയാബാദിലെ ബിസിനസുകാരനാണ് ഈ ദുരനുഭവം. ഇടയ്ക്കിടെ അസുഖം ബാധിക്കാൻ തുടങ്ങിയ ഇയാൾ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്.

രേണു ഭട്നാഗർ എന്ന പ്രതി ഭർത്താവിനെ മാത്രമല്ല, മകനെയും മരുമകനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നു. സംഭവത്തിൽ കേസ് ഫയൽ ചെയ്തതിനെത്തുടർന്ന് നവംബർ 23 ന് ഇന്ദിരാപുരം പൊലീസ് അവരെ അറസ്റ്റ് ചെയ്തു.

ഇന്ദിരാപുരം സ്വദേശിയായ സുശീൽ കുമാർ ഭട്നാഗറിന് ഇടയ്ക്കിടെ അസുഖം വരാൻ തുടങ്ങിയതോടെയാണ് ഗൂഢാലോചനയുടെ ചുരുളഴിയാൻ തുടങ്ങിയത്. പിന്നാലെ മകനും അനന്തരവനും സമാനമായ ലക്ഷണങ്ങൾ അനുഭവപ്പെട്ടു തുടങ്ങി. പെട്ടെന്ന് ആരോഗ്യസ്ഥിതി മോശമായതിൽ സംശയം തോന്നിയ ട്രാവൽ ഏജൻസി ഉടമയായ സുശീൽ വൈദ്യപരിശോധന നടത്താൻ തീരുമാനിച്ചു. തുടർന്ന് ലഭിച്ച റിപ്പോർട്ടിൽ ശരീരത്തിൽ അളവിലധികം ലെഡിൻ്റെ അംശം കണ്ടെത്തുകയായിരുന്നു.

ബിസിനസും, ഇൻഷൂറൻസും തട്ടിയെടുക്കാൻ ഭർത്താവിനും മകനും സ്ലോ പോയിസൺ നൽകി ഭാര്യ; സംഭവം ഗാസിയാബാദിൽ
"മരണം വരുമ്പോൾ നേരിടാൻ തയ്യാറാണ്"; രാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപ്പൂർവം പിൻവലിച്ചെന്ന രാഹുലിൻ്റെ ആരോപണത്തിനെതിരെ മേജർ രവി

തനിക്ക് വിഷം തരുന്നുണ്ടെന്ന് മനസിലാക്കിയ സുശീൽ സെപ്റ്റംബർ 24 ന് തന്നെയും മകനെയും അനന്തരവനെയും കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഭാര്യ രേണുവിനും കുടുംബാംഗങ്ങൾക്കുമെതിരെ പരാതി നൽകി. രണ്ട് മാസങ്ങൾക്ക് ശേഷം, നവംബർ 23 ന്, രേണുവിനെ ഇന്ദിരാപുരം പൊലീസ് അറസ്റ്റ് ചെയ്തു.

രേണു കുറ്റം സമ്മതിച്ചതായും പണം കൈക്കലാക്കുവാനുള്ള അത്യാഗ്രമാണ് തന്നെക്കൊണ്ടിത് ചെയ്യിച്ചതെന്നും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നതിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.