ബദൗൻ: ഉത്തർപ്രദേശില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് ഓഫീസർക്ക് ഗുരുതര പരിക്ക്. ബദൗൻ ജില്ലയിലാണ് സംഭവം . മേഖലയില്‍ കാട്ടുപന്നി വ്യാപകമായി വിളനശിപ്പിക്കുന്നു എന്ന പരാതിയെതുടർന്ന് പരിശോധനയ്ക്ക് എത്തിയതായാരുന്നു ഫോറസ്റ്റ് ഓഫീസറായ ശുഭം പ്രതാപ് സിംഗ്. ഇതിനിടെ കൃഷിയിടത്തില്‍ കണ്ട കാട്ടുപന്നിയെ വലവെച്ച് പിടിക്കാന്‍ ശ്രമിച്ചു, എന്നാല്‍ വലപൊട്ടിച്ച കാട്ടുപന്നി, ശുഭത്തിനെ നിലത്ത് ചവിട്ടി ആക്രമിക്കുകയുമായിരുന്നു.
മറ്റ് ഉദ്യോഗസ്ഥർ വടിയും മറ്റും ഉപയോഗിച്ച് പന്നിയെ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും ഫലം കണ്ടില്ല . ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ, ശുഭം പ്രതാപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏകദേശം രണ്ടു മിനിറ്റോളം നീണ്ട ആക്രമണത്തിനൊടുവിലാണ് സിംഗിനെ രക്ഷിക്കാൻ കഴിഞ്ഞത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
വീഡിയോയിൽ, കാട്ടുപന്നി സിംഗിനെ പിടിച്ചു താഴെയിടുന്നതും വലിച്ചിഴയ്ക്കുന്നതും കാണാം, അതേസമയം രണ്ട് ഉദ്യോഗസ്ഥർ തങ്ങളുടെ സഹപ്രവർത്തകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തുടർച്ചയായി വടികൊണ്ട് അടിക്കുന്നത് കാണാം. ആക്രമണത്തിൽ സിംഗിന് നിരവധി പരിക്കുകൾ പറ്റിയിട്ടുണ്ട്. അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.