
കർണാടക: ധർമസ്ഥലയിലെ പരിശോധനകളിൽ ഇന്നും പ്രത്യേകിച്ചൊന്നും കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. പതിമൂന്നാം പോയിന്റിലെ റോഡിനോട് ചേർന്നുള്ള ഭാഗമാണ് ഇന്ന് കുഴിയെടുത്ത് പരിശോധിച്ചത്. ജിപിആർ സിഗ്നൽ ലഭിച്ച ഭാഗത്തായിരുന്നു പരിശോധന.
ചൊവ്വാഴ്ച നടന്ന സംഭവങ്ങൾക്ക് സമാനമായിരുന്നു ഇന്നത്തെയും പരിശോധനാ നടപടികൾ. ഇലട്രിക് പോസ്റ്റിന് സമീപത്ത് കുഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിക്കുന്നു. ഇത് പ്രകാരം രണ്ട് ജെസിബികൾ എത്തി, കുഴിയെടുക്കുന്നു. 10 അടിയിൽ കൂടുതൽ താഴ്ചയിൽ കുഴിയെടുക്കാനായിരുന്നു തീരുമാനം.
ആദ്യഘട്ടത്തിൽ ചുവന്ന മേൽമണ്ണ് മാറ്റിയപ്പോൾതന്നെ വെള്ളക്കെട്ട് രൂപപ്പെട്ട് തുടങ്ങി. പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം നീക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചെക്ക്ഡാം അടുത്തായതിനാൽ ജലനിരപ്പ് കൂടിവരികയായിരുന്നു. ഇതോടെ ബുധനാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ചു. വ്യാഴാഴ്ചയും ഇതേ പോയിൻ്റിൽ ഏതെങ്കിലും ഭാഗത്ത് കുഴിയെടുത്ത് പരിശോധിക്കണോ പുതിയ പോയിൻ്റ് മാർക്ക് ചെയ്യണോ എന്ന കാര്യം വ്യാഴാഴ്ചത്തെ എസ്‌ഐടി യോഗത്തിൽ തീരുമാനിക്കാനാണ് ധാരണ.