

പഞ്ചാബ് കോൺഗ്രസിൽ രാഷ്ട്രീയപ്പോരിനൊടുവിൽ മുതിർന്ന കോൺഗ്രസ് നേതാവ് നവ്ജോത് കൗർ സിദ്ധു പാർട്ടി വിട്ടു. സംസ്ഥാന അധ്യക്ഷൻ അമരീന്ദർ സിംഗ് രാജാ വാറിംഗിനെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടാണ് നവ്ജോത് കൗർ സിദ്ധു പാർട്ടി വിട്ടത്.
കോൺഗ്രസ് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കഴിവുകെട്ടവനും അഴിമതിക്കാരനുമായ പ്രസിഡൻ്റാണ് രാജാ വാറിംഗ് എന്ന് നവ്ജോത് കൗർ പറഞ്ഞു. അമരീന്ദർ സംഘടനയെ നശിപ്പിച്ചുവെന്നും ആം ആദ്മി പാർട്ടിയുമായി ചേർന്ന് കോൺഗ്രസിനെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും നവ്ജോത് കൗർ ആരോപണം ഉന്നയിച്ചിരുന്നു.
മുഖ്യമന്ത്രി കസേരയ്ക്കായി 500 കോടി രൂപ നൽകണമെന്ന നവ്ജോത് കൗർ സിദ്ധുവിൻ്റെ മുൻ പരാമർശം വലിയ വിവാദമായിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞമാസം ഇവരെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇതിന് പിന്നാലെയാണ് പാർട്ടി വിടാനുള്ള തീരുമാനം.
പഞ്ചാബിലെ മുൻ മന്ത്രിയായിരുന്ന നവ്ജോത് കൗർ ആദ്യം ബിജെപിയിലായിരുന്നെങ്കിലും പിന്നീട് ഭർത്താവിനൊപ്പം കോൺഗ്രസിലേക്കെത്തുകയായിരുന്നു. മോദിയുടെ പഞ്ചാബ് സന്ദർശനത്തിന് മുന്നോടിയായാണ് ഇവർ പാർട്ടി വിട്ടതെന്ന കാര്യവും ശ്രദ്ധേയമാണ്. മോദി പങ്കെടുക്കുന്ന പരിപാടിയിൽ കൗർ തിരികെ ബിജെപിയിലേക്ക് മടങ്ങുവാൻ സാധ്യതയുണ്ടെന്നാണ് സൂചന.