മണിക്കൂറുകൾ വ്യത്യാസത്തിൽ തകരാറിലായത് രണ്ട് മോണോറെയിലുകൾ; മുംബൈയിൽ ട്രെയിനിൽ കുടുങ്ങിയ 800ലധികം യാത്രക്കാരെ രക്ഷപ്പെടുത്തി

പരിധിയിലേറെ യാത്രക്കാർ ഇടിച്ചുകയറിയതിനെ തുടർന്നാണ് മോണോറെയിൽ തകരാറിലായതെന്ന് അധികൃതർ അറിയിച്ചു
മോണോറെയിലിൽ നിന്നും ആളുകളെ രക്ഷപ്പെടുത്തുന്നു
മോണോറെയിലിൽ നിന്നും ആളുകളെ രക്ഷപ്പെടുത്തുന്നുSource: ANI
Published on

മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈയിലെ രണ്ട് മോണോറെയിൽ ട്രെയിനുകൾ തകരാറിലായി. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മോണോറെയിൽ തകരാറിലായത്. രണ്ട് മോണോറെയിലുകളിൽ നിന്നുമായി 800ഓളം യാത്രാക്കാരെ രക്ഷപ്പെടുത്തി.

582 യാത്രക്കാരുമായി പോയ മോണോറെയിലാണ് ആദ്യം ട്രാക്കിൽ കുടുങ്ങിയത്. മുംബൈ മൈസൂര്‍ കോളനിക്ക് സമീപമാണ് മോണോ റെയിൽ ഉയരപ്പാതയിൽ കുടുങ്ങിയത്. മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. പരിധിയിലേറെ യാത്രക്കാർ ഇടിച്ചുകയറിയതിനെ തുടർന്നാണ് മോണോറെയിൽ തകരാറിലായതെന്ന് അധികൃതർ അറിയിച്ചു.

മോണോറെയിലിൽ നിന്നും ആളുകളെ രക്ഷപ്പെടുത്തുന്നു
"ആർട്ടിക്കിൾ 143ന് വിധിന്യായത്തെ മറികടക്കാന്‍ ആകില്ല"; രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീം കോടതി

എസി ഉൾപ്പെടെ പ്രവർത്തിക്കാതായതോടെ പലർക്കും ശാരീരികമായ അസ്വസ്ഥത അനുഭവപ്പെട്ടു. ട്രെയിൻ്റെ വാതിലുകളും തുറക്കാന്‍ കഴിഞ്ഞില്ല. പരിഭ്രാന്തരായ യാത്രക്കാർ ചില്ലുകൾ തല്ലിതകർക്കാൻ ശ്രമിച്ചു. ടെക്‌നീഷ്യന്‍മാരും, അഗ്നിശമന സേനാംഗങ്ങളുമെത്തി ഏറെനേരം പരിശ്രമിച്ച ശേഷമാണ് വാതിലുകള്‍ തുറക്കാനായത്. തുടർന്ന് ക്രെയിന്‍ ഉപയോഗിച്ച് യാത്രക്കാരെ പുറത്തെത്തിച്ചു.

ആദ്യ ട്രെയിൻ തകരാറിലായി ഒരു മണിക്കൂറിനുശേഷം, ആചാര്യ ആത്രെയ്ക്കും വഡാല മോണോറെയിൽ സ്റ്റേഷനും ഇടയിൽ വൈകുന്നേരം 7.30ഓടെ 200 യാത്രക്കാരുമായി മറ്റൊരു മോണോറെയിൽ ട്രെയിനും തകരാറിലായി. ട്രെയിൻ അടുത്തുള്ള വഡാല സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുവന്ന ശേഷം യാത്രക്കാരെ ഒഴിപ്പിച്ചു.

മോണോറെയിലിൽ നിന്നും ആളുകളെ രക്ഷപ്പെടുത്തുന്നു
ഒരു മാസത്തിലധികം ജയിലിൽ കിടന്നാൽ ഇനി മുഖ്യമന്ത്രിമാരുടെയും പ്രധാനമന്ത്രിയുടെയും സ്ഥാനം തെറിക്കും; സുപ്രധാന ബിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ

കനത്ത മഴയെത്തുടർന്ന് മുംബൈ നഗരത്തിലെ പലയിടങ്ങളും വെള്ളക്കെട്ടിലാണ്. ഇതിനെത്തുടർന്ന് ലോക്കൽ ട്രെയിനുകൾ സർവീസ് നിർത്തിവെച്ചിരുന്നു. ഇതോടെ ട്രെയിൻ യാത്രക്കാർ പലരും മോണോറെയിലിനെ ആശ്രയിച്ചത് തിരക്ക് വർധിക്കാൻ കാരണമായി. 104 മെട്രിക് ടണ്ണാണ് മോണോറെയിലിൻ്റെ പരമാവധി ഭാരശേഷി. എന്നാൽ യാത്രക്കാർ ഇടിച്ചുകയറിയതോടെ ഭാരം 109 മെട്രിക് ടണ്ണായി ഉയർന്നതായി മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്മെൻ്റ് അതോറിറ്റി അറിയിച്ചു.

അധികഭാരം കാരണം മോണോറെയിൽ ഒരു വശത്തേക്ക് ചരിഞ്ഞു. ഇത് സാങ്കേതിക തടസമുണ്ടാക്കിയതിനാൽ വൈദ്യുത ബന്ധം വിഛ്ചേദിക്കപ്പെട്ടതായി അധികൃതർ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.

മോണോറെയിലിൽ നിന്നും ആളുകളെ രക്ഷപ്പെടുത്തുന്നു
അതിർത്തിയിലെ സമാധാനം ഉഭയകക്ഷി ബന്ധത്തിന് അനിവാര്യമെന്ന് മോദി; ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചു

മുംബൈയിൽ തുടരുന്ന കനത്ത മഴയിൽ റോഡ്,റെയിൽ, വ്യോമ ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായിരിക്കുകയാണ്. പലമേഖലകളിലും വെള്ളക്കെട്ടും രൂക്ഷമാണ്. 24 മണിക്കൂറിനിടെ 300 മില്ലിമീറ്റര്‍ മഴയാണ് മുംബൈയിൽ ലഭിച്ചത്. തീവ്ര മഴയുണ്ടാകുമെന്നും ജാ​ഗ്രത പാലിക്കണമെന്നുമാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com