
സിവിൽ നിയമങ്ങൾ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശിൽ നടന്ന പ്രതിഷേധത്തിൽ സംഘർഷം. 32 ഓളം പേർ കൊല്ലപ്പെട്ടു. 1971 ൽ പാകിസ്ഥാനെതിരായി നടന്ന വിമോചന സമരത്തിലെ പങ്കെടുത്തവരുടെ മക്കളുൾപ്പെടെയുള്ളവർക്കായി സിവിൽ സർവീസ് തസ്തികകൾ സംവരണ ചെയ്യുന്ന ക്വോട്ടാ സമ്പ്രദായം അവസാനിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
പ്രധാനമന്ത്രി ഷേഖ് ഹസീന സ്വജനപക്ഷപാതം കാണിച്ചുകൊണ്ട് സർക്കാർ അനുകൂല ഗ്രൂപ്പിലെ അംഗങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം കൂടുതലായും നൽകുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. പ്രധാനമന്ത്രിയുടെ സ്വേച്ഛാധിപത്യ നിലപാടിനെതിരെയാണ് പ്രതിഷേധം ആളിപ്പടരുന്നത്.
പ്രതിഷേധക്കാർ സ്റ്റേറ്റ് ടിവി ആസ്ഥാനത്തിന് തീ വെച്ചു. പൊലീസ് അക്രമണത്തെ തുടർന്ന് പ്രകോപിതരായ ജനക്കൂട്ടം നെറ്റവർക്കിൻ്റെ റിസപ്ഷൻ കെട്ടിടത്തിനും, സമീപത്ത് പാർക്ക് ചെയ്ത നിരവധി വാഹനങ്ങൾക്കും തീയിട്ടു. നിരവധി പേരാണ് തീ ആളിപ്പിടിക്കുന്ന സമയത്ത് കെട്ടിടത്തിൽ കുടുങ്ങിക്കിടന്നത്. ബംഗ്ലാദേശിലെ നിരവധി റോഡുകളിലും ഹൈവേകളിലും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിനാൽ ദിവസം മുഴുവൻ അക്രമാന്തരീക്ഷം നിലനിന്നു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന പ്രതിഷേധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. വെടിവെയ്പ്പ് ഇപ്പോഴും തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം. ക്രമസമാധാനനില പുഃനസ്ഥാപിക്കുന്നതു വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ പ്രധാനമന്ത്രി നിർദേശം നൽകി. പ്രതിഷേധക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. തെരുവുകളിലെ പ്രതിഷേധം നേരിടാനെത്തിയ പൊലീസ് റബർ ബുള്ളറ്റുകളും കണ്ണീർവാതകവും പ്രയോഗിച്ചുവെങ്കിലും ജനങ്ങൾ പിരിഞ്ഞു പോകാൻ തയ്യാറായില്ല. ഇത് സ്ഥിതി കൂടുതൽ വഷളാക്കി.
പ്രധാനമന്ത്രി മാപ്പ് പറയണമെന്നാണ് ആവശ്യമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. പ്രതിഷേധക്കാർ മരിക്കാനുള്ള പ്രധാന കാരണം പൊലീസിൻ്റെ മർദനമാണെന്ന് കാണിച്ചുള്ള മെഡിക്കൽ വിഭാഗത്തിൻ്റെ റിപ്പോർട്ട് പുറത്തു വന്നു. ആയിരത്തോളം ആളുകളാണ് പൊലീസിൻ്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സ തേടിയിട്ടുള്ളതെന്നാണ് പുറത്തു വരുന്ന വിവരം. പലർക്കും റബർ ബുള്ളറ്റ് കൊണ്ട് മുറിവേറ്റതായും റിപ്പോർട്ടിൽ പറയുന്നു.
പ്രതിഷേധക്കാരുടെ ക്യാമ്പെയിനെ തുടർന്ന് ഫെസ്‌ബുക്കിൻ്റെ പ്രവർത്തനം രാജ്യത്ത് മരവിപ്പിച്ചിരുന്നു. ഇതിനു ശേഷം രാജ്യ വ്യാപകമായി ഇൻ്റർനെറ്റ് സംവിധാനം തടസ്സപ്പെട്ടതായും റിപ്പോർട്ടുണ്ട്. തെറ്റായ വിവരങ്ങൾ പങ്കുവെയ്ക്കുന്നതിനായി സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പ്രവർത്തനം നിരത്തിവെച്ചതെന്ന് ജൂനിയർ ടെലി കമ്മ്യൂണിക്കേഷൻ മന്ത്രി സുനൈദ് അഹമ്മദ് പാലക് വ്യക്തമാക്കി.