
ജോ ബൈഡൻ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുമെന്ന് പ്രവചിച്ച ഇൻ്റർനെറ്റിലെ കുപ്രസിദ്ധ ജ്യോതിഷി എമി ട്രിപ്പിൻ്റെ പുതിയ പ്രവചനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഡൊണാൾഡ് ട്രംപ് അടുത്ത യുഎസ് പ്രസിഡൻ്റാകും എന്നാണ് എമി ട്രിപ്പിൻ്റെ പുതിയ പ്രവചനം. ട്രംപിൻ്റെ ഗ്രഹനില വിജയത്തിന് അനുകൂലമാണെന്ന് പറഞ്ഞായിരുന്നു എമി ട്രിപ്പ് വിജയസാധ്യത പ്രവചിച്ചത്. തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് ട്രംപിന് ഇപ്പോള്‍ എന്നും എമി പറഞ്ഞു.
നേരത്തെ ജോ ബൈഡൻ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുമെന്ന പ്രവചനത്തോടെയാണ് എമി ട്രിപ്പിന് ശ്രദ്ധ ലഭിച്ചുതുടങ്ങിയത്. ബൈഡൻ പിന്മാറുന്ന ദിവസം എമി കൃത്യമായി പ്രവചിച്ചിരുന്നു. ബൈഡന്‍ ജൂലൈ 21ന് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിക്കുമെന്ന് ജൂൺ 11ന് എമി പറഞ്ഞിരുന്നു. നിലവിലെ യുഎസ് വൈസ് പ്രസിഡൻ്റായ കമല ഹാരിസ് അടുത്ത ഡെമോക്രാറ്റിക് പാർട്ടി പ്രസിഡൻ്റ് സ്ഥാനാർഥിയാകുമെന്നും എമി ട്രിപ്പ് പ്രവചിച്ചിരുന്നു. ഇതിനു പുറമേ, ബൈഡന്റെ ആരോഗ്യസ്ഥിതി വഷളാകാൻ സാധ്യതയുള്ളതായും 40കാരിയായ എമി പ്രവചിച്ചിട്ടുണ്ട്. ഇൻ്റർനെറ്റിലെ ഏറ്റവും പ്രശസ്ത ജ്യോതിഷി എന്നറിയപ്പെടുന്ന എമി ട്രിപ്പ് ഒരു പ്രൊഫഷണൽ ജ്യോതിഷിയും ലൈസൻസുള്ള തെറാപ്പിസ്റ്റുമാണ്.
ഏറ്റവും പുതിയ വാൾ സ്ട്രീറ്റ് ജേര്‍ണൽ സർവെ കാണിക്കുന്നത് കമല ഹാരിസും ട്രംപും തമ്മിൽ രണ്ട് ശതമാനം വോട്ടിൻ്റെ വ്യത്യാസം മാത്രമേ ഉളളൂ എന്നാണ്. ബൈഡൻ സ്ഥാനാർഥിത്വം ഒഴിയുന്നതിന് മുൻപ് ഇത് ആറ് ശതമാനത്തിലും മേലെയായിരുന്നു. ന്യൂയോർക്ക് ടൈംസും സിയെന്ന കോളേജും സംയുക്തമായി നടത്തിയ സർവെയിലും വളരെ ചെറിയ വ്യത്യാസം മാത്രമാണ് ഇരുവരും തമ്മിൽ കാണിക്കുന്നത്.