
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മൃതദേഹം മലപ്പുറത്ത് ജന്മനാട്ടില്‍ നിപ പ്രോട്ടോക്കോൾ പാലിച്ച് സംസ്കരിക്കും. ഓടാമ്പറ്റ പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ് മൃതദേഹമുള്ളത്. കുട്ടിയുടെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് മലപ്പുറത്തേക്ക് പുറപ്പെട്ടു. കുട്ടിയുടെ രക്ഷാകർത്താക്കൾ മറ്റൊരു ആംബുലൻസിൽ നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
നിപ മൂലം മരണമടഞ്ഞ പതിനഞ്ചുകാരൻ്റെ മരണം രാവിലെ 10.50നുണ്ടായ ഹൃദയ സ്തംഭനം മൂലമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് സ്ഥിരീകരിച്ചിരുന്നു. 11.30ഓടെ മരണം സംഭവിക്കുകയായിരുന്നു. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്കാര ചടങ്ങുകൾ നടത്തുക. രണ്ട് പഞ്ചായത്തുകളിലെ നിയന്ത്രണങ്ങൾ ശക്തമാക്കുന്നത് സംബന്ധിച്ച് വൈകിട്ടോടെ തീരുമാനം എടുക്കുമെന്നും വീണാ ജോർജ്ജ് പറഞ്ഞു.
സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് വൈറൽ ഫീവർ കണ്ടെത്തിയെന്നും അവർ നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു. 63 പേർ ഹൈറിസ്ക് പട്ടികയിലുണ്ടെന്നും, റൂട്ട് മാപ്പിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ ആളുകളെ കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാവരുടേയും സാമ്പിളുകളെടുക്കുമെന്നും, ലക്ഷണങ്ങൾ ഉള്ളവരെ ആദ്യം പരിശോധിച്ച ശേഷം മറ്റുള്ളവരുടെയും സമ്പിളുകളും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സമ്പർക്ക പട്ടികയിലുള്ള ഒരാൾക്ക് ഐസിയു സപ്പോർട്ട് ആവശ്യമാണ്.