
സിനിമ മേഖലയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രതികരിക്കാനില്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. ഹേമ കമ്മിറ്റി റിപ്പോർട്ടു പുറത്തുവന്ന സമയത്ത് തനിക്ക് പറയാനുള്ളത് പറഞ്ഞതാണ്. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ആരോപണങ്ങളിൽ പ്രതികരിക്കേണ്ടത് സാംസ്കാരിക വകുപ്പാണ്. കഴിഞ്ഞ 23 വർഷമായി മാധ്യമ പ്രവർത്തകർ വേട്ടയാടുകയാണെന്നും തന്നിൽ ഔഷധ ഗുണമൊന്നുമില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. നിയമം നിയമത്തിൻ്റെ വഴിയിൽ പോകും. ആരെയും സഹായിക്കാൻ ശ്രമിക്കുന്നില്ല. നിലവിൽ ഒരു വിഷയത്തിലും പ്രതികരിക്കാനില്ലെന്നും ഇങ്ങനെ വേട്ടയാടരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമാ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മുഖ്യമന്ത്രി ഡിജിപിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. ആദ്യ ഘട്ടത്തില്‍ ആരോപണം ഉന്നയിച്ചവരുടെ മൊഴി രേഖപ്പെടുത്തുമെന്നും, പരാതി ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കേസെടുത്ത് അന്വേഷണം നടത്താനും യോഗത്തിൽ തീരുമാനമായി.
രേവതി സമ്പത്തിൻ്റെ ആരോപണത്തിൻ്റെ പശ്ചാത്തലത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു. സിദ്ദിഖ് ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന ആരോപണം കഴിഞ്ഞ ദിവസവും നടി ആവര്‍ത്തിച്ചിരുന്നു. സമാനമായ അനുഭവം പല സുഹൃത്തുക്കള്‍ക്കും ഉണ്ടായതായി നടി പറഞ്ഞിരുന്നു. 2019ലാണ് നടി ഇക്കാര്യം ആദ്യമായി വെളിപ്പെടുത്തിയത്. പിന്നാലെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയായിരുന്നു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളുപ്പെടുത്തലിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം സംവിധായകന്‍ രഞ്ജിത്തും ഒഴിയേണ്ടി വന്നിരുന്നു.