
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയുടെ മർദനത്തിൽ വനിതാ നഴ്സിന് പരുക്ക്. ആക്രമണത്തിൽ ഇടത് കൈയ്ക്ക് പൊട്ടലും, വലത്തേ നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ടായി. നഴ്സിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ച ഒരു മണിക്കാണ് സംഭവം. ഏഴാം വാർഡിലെ രോഗി അക്രമണ സ്വഭാവം പ്രകടിപ്പിച്ചതോടെ ഇഞ്ചക്ഷൻ നൽകാനെത്തിയതായിരുന്നു നഴ്സ്. തിരിച്ച് നടക്കുന്നതിനിടെ രോഗി നഴ്സിനെ ചവിട്ടി വീഴ്ത്തി. കൂടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനെ തള്ളിമാറ്റിയാണ് രോഗി ആക്രമിച്ചത്. തെറിച്ചുവീണ നഴ്സ് ഗ്രില്ലിൽ ചെന്നിടിക്കുകയായിരുന്നു. കൈയ്ക്കും നെറ്റിക്കും ഗുരുതരമായി പരുക്കേറ്റു. അക്രമാസക്തനായ രോഗി സെക്യൂരിറ്റി ജീവനക്കാരനെയും മർദിച്ചു. എയ്ഡ് പോസ്റ്റിലുള്ള പൊലീസുകാരുടെ സഹായത്തോടെയാണ് രോഗിയെ പിടികൂടിയത്.
സംഭവത്തിൽ പ്രതിഷേധിച്ച് കേരള ഗവ നഴ്സ് അസോസിയേഷൻ രംഗത്തുവന്നു. നഴ്സിങ് വിഭാഗം ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ ആശുപത്രി അധികൃതർ അടിയന്തരമായി സ്വീകരിക്കണം. നിലവിൽ 20 സെക്യൂരിറ്റി ജീവനക്കാരുടെ കുറവാണ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലുള്ളത്. ഈ കുറവ് ആശുപത്രി പ്രവർത്തനത്തിലും ജീവനക്കാരുടെ സുരക്ഷയിലും വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. അതിനാൽ സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.