
മുതിര്‍ന്ന സിപിഐ നേതാവും ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ കെ. ഇ ഇസ്മയിലിന് എതിരെ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സമാന്തര പ്രവര്‍ത്തനം കമ്മ്യൂണിസ്റ്റ് രീതിയല്ല. ഇത്തരം പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതും തെറ്റാണ്. അത് കെ. ഇ ഇസ്മയിലിനും അറിയാവുന്ന കാര്യമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
പാലക്കാട്ടെ സേവ് സിപിഐ പ്രവര്‍ത്തകരെ അനുകൂലിച്ച് കെ. ഇ ഇസ്മയില്‍ രംഗത്ത് വന്നിരുന്നു. ജില്ലാ കമ്മറ്റിയുടെ ചില തീരുമാനങ്ങളെ വിമര്‍ശിച്ചു രംഗത്തു വന്നവര്‍ക്കെതിരെ ഏകപക്ഷീയമായ നിലപാടെടുക്കുന്നത് ശരിയല്ലായെന്നായിരുന്നു ഇസ്മയിലിന്‍റെ വാദം. പാലക്കാട്ടെ സംഘടനാ പ്രശ്‌നങ്ങളെ സിപിഐ നേരിടും എന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു.
കേരളത്തില്‍ വർധിച്ചു വരുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വയനാട് തുരങ്ക പാത നിർമാണത്തില്‍ ശാസ്ത്രീയ പഠനം വേണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. പഠനം നടത്താതെ പാതയുമായി മുന്നോട്ടുപോകരുതെന്നും അങ്ങനെ സംഭവിച്ചാല്‍ ജനങ്ങളിൽ ആശങ്ക ഉണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തിലും ബിനോയ് വിശ്വം പ്രതികരിച്ചു. ഇത്തരം പ്രചരണങ്ങള്‍ ഇടതുപക്ഷ രീതി അല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഇടത് നയം ഇതല്ലെന്നും കെ. കെ ശൈലജ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
വടകരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പി.കെ മുഹമ്മദ് കാസിമിന്‍റെ വാട്സ് ആപ്പ് സന്ദേശമെന്ന പേരിലാണ് 'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമാണ് ഇതിലുള്ളത്. ഈ സന്ദേശം പെട്ടെന്നുതന്നെ സമൂഹമാധ്യമങ്ങളില്‍ വ്യാപിച്ചു. ഇത് വ്യാജമായി നിര്‍മിച്ച സ്‌ക്രീന്‍ഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും അടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നു. സിപിഎമ്മാണ് ഇതിന് പിന്നിലെന്നായിരുന്നു ലീഗിന്‍റെ ആരോപണം. അന്വേഷണത്തില്‍ ഇടത് ഗ്രൂപ്പുകളില്‍ നിന്നുമാണ് സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചതെന്നതിനുള്ള വിവരങ്ങള്‍ പൊലീസ് ഹൈക്കോടതിയ്ക്ക് കൈമാറിയിരുന്നു.