സ്വാതന്ത്ര്യദിനാഘോഷം; ആഘോഷ നിറവിൽ തലയുയർത്തി പയ്യന്നൂരും

സമ്പൂർണ സ്വാതന്ത്ര്യമായിരിക്കണം ഇനി മുതൽ മുദ്രാവാക്യമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രമേയം അവതരിപ്പിച്ചത് 1928ൽ നെഹ്‌റുവിൻ്റെ അധ്യക്ഷതയിൽ പയ്യന്നൂരിൽ ചേർന്ന നാലാമത്‌ അഖില കേരള രാഷ്‌ട്രീയ സമ്മേളനത്തിലായിരുന്നു
സ്വാതന്ത്ര്യദിനാഘോഷം;  ആഘോഷ നിറവിൽ തലയുയർത്തി  പയ്യന്നൂരും
Published on

രാജ്യം മറ്റൊരു സ്വാതന്ത്ര്യദിനം കൂടി ആഘോഷിക്കുമ്പോൾ സമ്പൂർണ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ആദ്യമായി ഉയർന്ന പയ്യന്നൂരും അഭിമാനത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. ഉപ്പുകുറുക്കിയും , ഖാദി വസ്ത്രങ്ങൾ നെയ്തെടുത്തതും സ്വാതന്ത്ര്യ സമരത്തിൻ്റെ ശക്തമായ അധ്യായങ്ങൾക്കാണ് പയ്യന്നൂർ സാക്ഷിയായത്. സമ്പൂർണ സ്വാതന്ത്ര്യമായിരിക്കണം ഇനി മുതൽ മുദ്രാവാക്യമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രമേയം അവതരിപ്പിച്ചത് 1928ൽ നെഹ്‌റുവിൻ്റെ അധ്യക്ഷതയിൽ പയ്യന്നൂരിൽ ചേർന്ന നാലാമത്‌ അഖില കേരള രാഷ്‌ട്രീയ സമ്മേളനത്തിലായിരുന്നു.

അതുവരെ വ്യക്തമായ ദിശാബോധമില്ലാതിരുന്ന സ്വാതന്ത്ര്യം എന്ന സ്വപ്നത്തിന് ഒരു ലക്ഷ്യമുണ്ടായത് ഈ സമ്മേളനത്തിലൂടെയായിരുന്നു. 1928ൽ മൊയാരത്ത് ശങ്കരൻ, സുബ്രഹ്മണ്യം തിരുമുമ്പ്‌ തുടങ്ങിയവരുടെ നേതൃത്വത്തിൽ ‘സൈമൺ കമ്മീഷൻ ഗോ ബാക്ക്' എന്ന മുദ്രാവാക്യമുയർന്ന തെരുവും പയ്യന്നൂരായിരുന്നു. 1930 ൽ പയ്യന്നൂരിൽ നടന്ന ഉപ്പു സത്യഗ്രഹം സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറ്റവും ശക്തമായ ഏടാണ്.

1930 ഏപ്രിൽ 23ന്‌ ആയിരത്തോളം സമരഭടന്മാർ ഉപ്പുകുറുക്കൽ സമരം നടത്തിയതിൻ്റെ സ്മാരകം പയ്യന്നൂരിൽ തലയുയർത്തി നിൽക്കുന്നുണ്ട്. സ്വാതന്ത്ര്യ സമരത്തിൻ്റെ ഏറ്റവും തീക്ഷണമായ കേന്ദ്രമായ പയ്യന്നൂർ രണ്ടാം ബർദോളി എന്നാണ്‌ സമരചരിത്രത്തിൽ അറിയപ്പെടുന്നത്. 1934ൽ പയ്യന്നൂരിൽ എത്തിയ ഗാന്ധിജി സ്വാമി ആനന്ദതീർഥൻ്റെ ആശ്രമത്തിൽ നട്ട മാവ്‌ നിത്യസ്‌മാരകമായി ഇപ്പോഴുമുണ്ട്‌. 

പഴയ പൊലീസ് സ്റ്റേഷനു മുന്നിലെ കൊടിമരത്തിൽ നിന്ന് ബ്രിട്ടീഷ് പതാക വലിച്ചു കീറി ത്രിവർണ പതാക ഉയർത്തിയ ചരിത്രവും പയ്യന്നൂരിനുണ്ട്. 1942 ഒക്ടോബർ 2ന് രാത്രി ടി.സി.വി.കുഞ്ഞിക്കണ്ണ പൊതുവാളും സി.വി.കുഞ്ഞമ്പു സറാപ്പും എ.കെ.കുഞ്ഞിരാമ പൊതുവാളുമാണ് സായുധരായ ബ്രിട്ടിഷ് പൊലീസിൻ്റെ കണ്ണുവെട്ടിച്ച് ത്രിവർണ പതാക കെട്ടിയത്. ഈ കെട്ടിടം ഗാന്ധി മ്യൂസിയമായി ഇപ്പോഴും നഗരമധ്യത്തിലുണ്ട്. ഒരുവശത്ത് അഹിംസയും ഗാന്ധിയൻ ആശയങ്ങളും പിന്തുടർന്ന് സമരം നടക്കുമ്പോൾ ജന്മിത്വത്തിനും ഭൂപ്രഭുക്കൾക്കുമെതിരെ നയിച്ച സമരങ്ങൾക്ക് വേദിയായ കയ്യൂരും കരിവെള്ളൂരും ആ പോരാട്ടങ്ങളുടെ ഓർമ ഉയർത്തി പയ്യന്നൂരിനോട് ചേർന്ന് കിടക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com