യുഎഇയിലെ പൊതുവിദ്യാലയങ്ങളില്‍ ഇനി എഴുത്ത് പരീക്ഷ ഇല്ല, പകരം...

അഞ്ച് മുതല്‍ എട്ട് വരെയുള്ള ഗ്രേഡുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എഴുത്ത് പരീക്ഷയ്ക്ക് പകരം പ്രൊജക്റ്റുകള്‍ വഴി മൂല്യനിര്‍ണയം നടത്താനാണ് തീരുമാനം . അടുത്ത അധ്യയന വര്‍ഷം മുതലായിരിക്കും പരിഷ്‌കരണം നടപ്പില്‍ വരിക
യുഎഇയിലെ പൊതുവിദ്യാലയങ്ങളില്‍ ഇനി എഴുത്ത് പരീക്ഷ ഇല്ല, പകരം...
Published on

യുഎഇയിലെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന ചില വിദ്യാര്‍ഥികള്‍ക്ക് ഇനി പരീക്ഷകള്‍ക്ക് പകരം നൈപുണ്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള മൂല്യനിര്‍ണയം. ചൊവ്വാഴ്ച, പൊതു വിദ്യാഭ്യാസ-നൂതന സാങ്കേതിക വിദ്യ മന്ത്രി സാറാ അല്‍ അമിരിയാന പ്രഖ്യാപനം നടത്തിയത്. മൂല്യ നിര്‍ണയത്തില്‍ വരുന്ന മാറ്റങ്ങള്‍ സമൂലമായ ഒന്നല്ലെന്നും ക്രമാനുഗതമായ സാംസ്‌കാരിക വ്യതിയാനമാണെന്നും മന്ത്രി പറഞ്ഞു.


അഞ്ച് മുതല്‍ എട്ട് വരെയുള്ള ഗ്രേഡുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എഴുത്ത് പരീക്ഷയ്ക്ക് പകരം പ്രൊജക്റ്റുകള്‍ വഴി മൂല്യനിര്‍ണയം നടത്താനാണ് തീരുമാനം . അടുത്ത അധ്യയന വര്‍ഷം മുതലായിരിക്കും പരിഷ്‌കരണം നടപ്പില്‍ വരിക. എങ്ങനെയായിരിക്കും മാറ്റങ്ങള്‍ നടപ്പിലാക്കുകയെന്നോ വിദ്യാര്‍ഥികളുടെ പ്രൊജക്റ്റുകള്‍ വലയിരുത്തുകയെന്നോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.


മൂല്യനിര്‍ണയത്തില്‍ ഭാഗികമായ മാറ്റങ്ങള്‍ അവതരിപ്പിച്ചതിനൊപ്പം പാസിങ് ശതമാനം 70ല്‍ നിന്നും 60 ആക്കി കുറയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതുകൂടാതെ, 25 സ്‌കൂളുകളും സര്‍ക്കാര്‍ തുറക്കും. അതില്‍ 12 എണ്ണം പുതിയതായും 13 എണ്ണം അറ്റകുറ്റപ്പണികള്‍ക്ക് ശേഷവുമായിരിക്കും തുറക്കുക. അടുത്ത അധ്യയന വര്‍ഷം 5000ല്‍ കൂടുതല്‍ പുതിയ സ്‌കൂള്‍ ബസുകളും ആരംഭിക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രഖ്യാപനം.

ALSO READ: ഷഹീൻ-II ബാലിസ്റ്റിക് മിസൈൽ; വിജയകരമായ പരിശീലന വിക്ഷേപണം നടത്തി പാകിസ്താൻ

അതേസമയം, അടുത്ത അധ്യയന വര്‍ഷത്തിനായുള്ള തയ്യാറെടുപ്പിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. രക്ഷിതാക്കള്‍ക്കായി ഓറിയന്റേഷന്‍ ക്ലാസുകള്‍ക്കായുള്ള വെബ്‌സൈറ്റുകള്‍, വിദ്യാര്‍ഥികള്‍ക്ക് വെല്‍ക്കം ബാക്ക് കിറ്റുകള്‍ എന്നിവ തയ്യാറാക്കുന്നതിനുള്ള തിരക്കിലാണ് സ്‌കൂളുകള്‍. ആദ്യ ദിവസത്തെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ പല സ്‌കൂളുകളും സമീപത്തെ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് സ്‌കൂള്‍ സാമഗ്രികള്‍ വാങ്ങാനുള്ള തിരക്കിലാണ്. പുതിയവയ്‌ക്കൊപ്പം സെക്കന്‍ഡ് ഹാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്കും വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. ഒരു കുട്ടിക്ക് 2000 ദിര്‍ഹം വരെയാണ് പല രക്ഷിതാക്കള്‍ക്കും ചെലവാക്കേണ്ടി വരുന്നത്.

യുഎഇ അധികൃതര്‍ പറയുന്നത് പ്രകാരം, 2023ല്‍ 20,000 വിദ്യാര്‍ഥികളാണ് സ്വകാര്യ സ്‌കൂളുകളില്‍ നിന്നും പൊതു വിദ്യാലയത്തിലേക്ക് മാറിയത്. ഈ വര്‍ഷം ഓഗസ്റ്റ് 26ന് 280,000ല്‍ അധികം വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേരുമെന്നാണ് അധികൃതര്‍ പറയുന്നത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com