രാജസ്ഥാനിൽ ബാലവിവാഹങ്ങൾ വർധിക്കുന്നു; സ്കൂളുകളിലെത്തുന്നത് താലിയണിഞ്ഞ വിദ്യാർഥികൾ

അതേസമയം ശൈശവ വിവാഹ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ബിജെപി ഒബിസി ഫോറത്തിൻ്റെ ബുണ്ടി ജില്ലാ ജനറൽ സെക്രട്ടറി ദീക്ഷന്ത് സോണി ആവശ്യപ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

രാജസ്ഥാൻ ഗ്രാമങ്ങളിൽ ശൈശവവിവാഹങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. കോട്ട, ബുണ്ടി ജില്ലകളിലെ ഗ്രാമങ്ങളിലാണ് പ്രധാനമായും ശൈശവവിവാഹങ്ങൾ നടന്നുവരുന്നത്. സ്കൂളുകളിൽ താലിയണിഞ്ഞ് വിദ്യാർഥികൾ എത്തുന്നത് രാജസ്ഥാനിലെ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണെന്ന് അധ്യാപകർ പറയുന്നു.

രാജ്യത്ത് ബാലവിവാഹങ്ങൾ നിരോധിച്ചുകൊണ്ട് നിയമം സ്ഥാപിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും രാജസ്ഥാനിലെ ഗ്രാമങ്ങളിൽ ശൈശവ വിവാഹങ്ങൾ തുടരുകയാണ്. 9, 10 ക്ലാസുകളിലെ വിദ്യാർഥികളാണ് പ്രധാനമായും വിവാഹിതരാവുന്നത്. വധുവിനെ ഭർത്താവോ ഭർതൃഗൃഹത്തിലെ ആളുകളോ സ്കൂളിൽ വിടുന്നതും രാജസ്ഥാനിൽ അസാധരണമല്ല. നമ്മുടെ സ്കൂളുകളിലെ വിദ്യാർഥികൾ ഹോംവർക്കുകളെ പറ്റിയും പരീക്ഷകളെപ്പറ്റിയുമാണ് സംസാരിക്കുന്നതെങ്കിൽ രാജസ്ഥാനിലെ ക്ലാസ്‌മുറികളിൽ മിക്ക പെൺകുട്ടികളും അവരുടെ ഉറ്റസുഹൃത്തിൻ്റെ വിവാഹകാര്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്. അതേസമയം കല്യാണമുറപ്പിച്ച പെൺകുട്ടി വിഷയത്തെകുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറുകയാണ് പതിവെന്നും അധ്യാപകർ പറയുന്നു.

സ്കൂളുകളിൽ പെൺകുട്ടികൾ സിന്ദൂരവും വളകളും ധരിച്ച് വരുന്നത് ശ്രദ്ധിച്ചെങ്കിലും അതിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സർക്കാർ സ്‌കൂൾ അധ്യാപകൻ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ശൈശവവിവാഹം ശ്രദ്ധയിൽ പെട്ടാൽ അധികാരികളോട് പരാതി പറഞ്ഞാലും ഫലമില്ലെന്നും പെൺകുട്ടിയെ സ്‌കൂളിൽ നിന്ന് പുറത്താക്കുന്ന തരത്തിലുള്ള നീക്കങ്ങൾ നാട്ടുകാരുടെ രോഷം ക്ഷണിച്ചുവരുത്തുമെന്നും അധ്യാപകർ ചൂണ്ടികാട്ടി. 

സാധാരണയായി ഗ്രാമീണ മേഖലകളിലെ മാതാപിതാക്കൾ തങ്ങളുടെ മൂത്ത മകളേയും ഇളയ മകളെയും ഒരുമിച്ച്  വിവാഹം കഴിപ്പിച്ചയക്കുന്നത് അധിക വിവാഹച്ചെലവ് കുറയ്ക്കുന്നതിന് വേണ്ടിയാണ്. എന്നാൽ പ്രായപൂർത്തിയാകുന്നതുവരെ പ്രായം കുറഞ്ഞ കുട്ടികളെ ഭർതൃഗൃഹത്തിലേക്ക് അയക്കില്ലെന്നാണ് പ്രദേശത്തെ ആളുകൾ പറയുന്നത്. ബാലവിവാഹങ്ങളിൽ ഒരുപാട് നല്ല വശങ്ങളുണ്ടെന്നും ശൈശവ വിവാഹ നിരോധന നിയമത്തിൽ ഭേദഗതി ആവശ്യമാണെന്നുമാണ് ചില ഗ്രാമീണരുടെ വാദം. പ്രായപൂർത്തിയായില്ലെങ്കിൽ പോലും ദമ്പതികൾ നല്ല തൊഴിൽ ആഗ്രഹിക്കുന്നുണ്ടെന്നും വിവാഹത്തിനു ശേഷവും പെൺകുട്ടികൾ സ്കൂളിലും കോളേജിലും പഠനം തുടരുന്നുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.

അതേസമയം ഗ്രാമങ്ങളിൽ ബാലവിവാഹം നടക്കുന്നുണ്ടെന്ന് സമ്മതിച്ച ബിജെപി ഒബിസി ഫോറത്തിൻ്റെ ബുണ്ടി ജില്ലാ ജനറൽ സെക്രട്ടറി ദീക്ഷന്ത് സോണി ശൈശവ വിവാഹ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടു. വിചിത്ര വാദങ്ങളാണ് ഇത് സാധൂകരിക്കാനായി ബിജെപി നേതാവ് ഉയർത്തുന്നത്. ഗ്രാമീണ മേഖലയിലെ മാതാപിതാക്കൾ ദാരിദ്ര്യം കാരണം തങ്ങളുടെ പെൺകുട്ടികളെ ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിപ്പിക്കാൻ നിർബന്ധിതരാവുകയാണെന്ന് സോണി പറയുന്നു. ഭക്ഷണ ശീലങ്ങൾക്കൊപ്പം പരിസ്ഥിതിയും മാറുന്നതാണ് ആൺകുട്ടികളും പെൺകുട്ടികളും നേരത്തെ പ്രായപൂർത്തിയാകാൻ കാരണമാവുന്നത്. ഇവർ നേരത്തെ പക്വത പ്രാപിച്ച് മറ്റൊരാളുമായി ഒളിച്ചോടി മാതാപിതാക്കളെ അപമാനിക്കുകയാണെന്നും സോണി പറഞ്ഞു.

എന്നാൽ പ്രദേശത്ത് ശൈശവ വിവാഹം നടന്നുവെന്ന റിപ്പോർട്ടുകൾ ലോക്കൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഘനശ്യാം മീണ നിഷേധിച്ചു. സാമൂഹ്യനീതി, വനിതാ ശാക്തീകരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഭൈരു പ്രകാശ് നഗർ പറയുന്നതനുസരിച്ച്, അക്ഷയ തൃതീയ സമയത്താണ് അഖ തീജ്, പിപാൽ പൂർണിമ എന്നീ പേരുകളിലറിയപ്പെടുന്ന ശൈശവ വിവാഹങ്ങൾ രാജസ്ഥാനിൽ നടക്കുന്നത്. ദേശീയ കുടുംബാരോഗ്യ സർവേയുടെ ഏറ്റവും പുതിയ കണക്ക് പ്രകാരം, 20-24 വയസ് പ്രായമുള്ള സ്ത്രീകളിൽ 23.3 ശതമാനം 18 വയസ്സിന് മുമ്പ് വിവാഹിതരായവരാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com