
ട്രെയിനുകളിൽ നിന്ന് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണും കവർച്ച നടത്തുന്ന അസം സ്വദേശി പിടിയിൽ. കോട്ടയം റെയിൽവേ പൊലീസാണ് പ്രതി മൈനുൾ ഹക്കിനെ പിടികൂടിയത്. ലഹരി ഉപയോഗിക്കുന്നതിനായി കൈയിൽ സൂക്ഷിച്ച സിറിഞ്ച് അടക്കമുള്ള വസ്തുക്കളും പ്രതിയിൽ നിന്നും കണ്ടെടുത്തു.
ഓഗസ്റ്റ് ഒന്നിന് പൂനെ കന്യാകുമാരി എക്സ്‌പ്രസിൽ നിന്നും തിരുവനന്തപുരം സ്വദേശിയുടെ ലാപ്ടോപ്പ് കാണാതായ കേസിലാണ് മൈനൂൾ ഹക്കിനെ റെയിൽവേ പൊലീസ് പിടികൂടിയത്. കോട്ടയം ഭാഗത്ത് വെച്ച് കവർച്ച നടത്തിയ ശേഷം ഇയാൾ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി രക്ഷപെട്ടിരുന്നു. പെരുമ്പാവൂരിലെ ഇലക്ട്രോണിക്ക്സ് കടയിൽ, മോഷ്ടിച്ച ലാപ് ടോപ്പ് ഇയാൾ 5000 രൂപയ്ക്ക് വിറ്റിരുന്നു.
ലാപ്ടോപ് ഓണായതായി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയതോടെ, കോട്ടയം റെയിൽവേ പൊലീസ് നടത്തിയ തെരച്ചിലിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മറ്റൊരു മൊബൈൽ ഫോൺ വിൽക്കാനെത്തിയപ്പോൾ ഇയാളെ പിടികൂടുകയായിരുന്നു. 21 കാരനായ ഇയാൾ ലഹരിക്ക് അടിമയാണ്. ലഹരി സാധനങ്ങൾ വാങ്ങുന്നതിനാണ് പ്രതി കവർച്ച നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ലഹരി ഉപയോഗിക്കുന്നതിനായി കൈയിൽ സൂക്ഷിച്ച സിറിഞ്ച് അടക്കമുള്ള വസ്തുക്കളും പ്രതിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.