ഈ ചുഴലിക്കാറ്റ് പലരേയും എടുത്തുകൊണ്ടുപോകും; മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടു: ഷമ്മി തിലകൻ

വിവാദങ്ങളില്‍ മോഹന്‍ലാല്‍ മറുപടി പറയുമോയെന്ന് തനിക്ക് സംശയമുണ്ടെന്നും ഷമ്മി തിലകൻ
ഈ ചുഴലിക്കാറ്റ് പലരേയും എടുത്തുകൊണ്ടുപോകും; മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടു: ഷമ്മി തിലകൻ
Published on

AMMA പ്രസിഡന്റ് മോഹന്‍ലാലിനെതിരെ നടന്‍ ഷമ്മി തിലകന്‍. ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്തും നടന്‍ സിദ്ദീഖും പദവികളില്‍ നിന്ന് രാജിവെച്ചതിലായിരുന്നു ഷമ്മി തിലകന്റെ പ്രതികരണം. മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

വിവാദങ്ങളില്‍ മോഹന്‍ലാല്‍ മറുപടി പറയുമോയെന്ന് തനിക്ക് സംശയമുണ്ട്. അദ്ദേഹത്തിന് പ്രതികരണശേഷി നഷ്ടപ്പെട്ടോ എന്ന് താന്‍ പണ്ട് ചോദിച്ചിരുന്നു. ഉടയേണ്ട വിഗ്രഹങ്ങളാണെങ്കില്‍ ഉടയണം, ഇല്ലെങ്കില്‍ ഉടയ്ക്കണം. ഉപ്പു തിന്നുന്നവര്‍ വെള്ളം കുടിക്കണം. തന്റെ അച്ഛന്റെ ആത്മാവ് ഇവിടെ തന്നെയുണ്ട്. അദ്ദേഹം അനുഭവിച്ചതും ഇവിടെയുണ്ട്. ഈ ചുഴലിക്കാറ്റ് പലരേയും എടുത്തുകൊണ്ടുപോകുമെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

സിദ്ദീഖിന്റെ രാജി കാവ്യനീതിയാണെന്ന് തനിക്ക് തോന്നുന്നില്ല, പക്ഷേ, അച്ഛന് അങ്ങനെ തോന്നുന്നുണ്ടാകാമെന്നും ഷമ്മി തിലകന്‍ പറഞ്ഞു. അതേസമയം, പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ 'അമ്മ' പ്രസിഡൻ്റ്  മോഹൻലാൽ ചൊവ്വാഴ്ച്ച മാധ്യമങ്ങളെ കാണുമെന്നാണ് സൂചന. 

ബംഗാളി നടിയുടെ ആരോപണത്തിലാണ് സംവിധായകന്‍ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വന്നത്. നടി രേവതി സമ്പത്താണ് സിദ്ദീഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. നേരത്തേ ഉന്നയിച്ച ആരോപണം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഉന്നയിക്കുകയായിരുന്നു. ആരോപണത്തിനു പിന്നാലെ AMMA ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് സിദ്ദീഖിന് രാജിവെക്കേണ്ടി വന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com