തമിഴ്‌നാട് വ്യാജ എൻസിസി ക്യാംപ്: ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്
തമിഴ്‌നാട് വ്യാജ എൻസിസി ക്യാംപ്: ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു
Published on

തമിഴ്‌നാട് കൃഷ്ണഗിരിയിൽ വ്യാജ എൻസിസി ക്യാംപിൽ 13 വിദ്യർഥികൾ ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു. സമയ ബന്ധിതമായി അന്വേഷണം നടത്താൻ കമ്മീഷൻ ഡിജിപിയ്ക്ക് നിർദേശം നൽകി. മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തതെന്ന് വനിതാ കമ്മീഷൻ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു.

കൃഷ്ണഗിരിയില്‍ നടന്ന ക്യാംപിന്‍റെ സംഘാടകരായ സ്കൂള്‍ പ്രിന്‍സിപ്പല്‍, രണ്ട് അധ്യാപകര്‍, കറസ്പോണ്ടന്‍റ് എന്നിവരടക്കം 11 പേർ അറസ്റ്റിലായിരുന്നു. അന്വേഷണത്തില്‍, ക്യാംപ് സംഘടിപ്പിച്ച സ്വകാര്യ സ്കൂളില്‍ ഔദ്യോഗികമായി എന്‍സിസി യൂണിറ്റില്ലെന്ന് തെളിഞ്ഞിരുന്നു. ഇത്തരത്തിലൊരു ക്യാംപ് സംഘടിപ്പിച്ചാല്‍ എന്‍സിസി യൂണിറ്റ് തുടങ്ങാന്‍ യോഗ്യത ലഭിക്കുമെന്ന് സംഘാടകര്‍ സ്കൂള്‍ മാനേജ്മെന്‍റിനെ ബോധ്യപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ഈ മാസം ആദ്യം സംഘടിപ്പിച്ച ത്രിദിന ക്യാംപില്‍ 17 പെണ്‍കുട്ടികളടക്കം 41 പേരാണ് പങ്കെടുത്തത്. സ്കൂള്‍ ഓഡിറ്റോറിയത്തിന്‍റെ ഒന്നാം നിലയിലായിരുന്നു പെണ്‍കുട്ടികള്‍ക്ക് താമസസൗകര്യം ഒരുക്കിയിരുന്നത്. ആണ്‍കുട്ടികള്‍ക്ക് താഴത്തെ നിലയിലും. ക്യാംപിന്‍റെ മേല്‍നോട്ടത്തിനായി അധ്യാപകരെ നിയോഗിച്ചിരുന്നില്ല. ഓഡിറ്റോറിയത്തിന്‍റെ വെളിയിലേക്ക് എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടികളുടെ ആരോപണം. ലൈംഗിക പീഡനം നടന്നത് സ്കൂള്‍ അധികൃതർ അറിഞ്ഞിട്ടും പൊലീസിനെ അറിയിക്കാതെ മറച്ചു വെക്കുകയായിരുന്നു എന്ന് ജില്ലാ പൊലീസ് കമ്മീഷണർ പി. തങ്കദുരൈ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

READ MORE: 'വിജയക്കൊടി' പാറിക്കാന്‍ തമിഴക വെട്രി കഴകം; പാര്‍ട്ടിപ്പതാക നാളെ ഉയരും

Related Stories

No stories found.
News Malayalam 24x7
newsmalayalam.com