'വിജയക്കൊടി' പാറിക്കാന്‍ തമിഴക വെട്രി കഴകം; പാര്‍ട്ടിപ്പതാക നാളെ ഉയരും

ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ രാവിലെ 11ഓടെ വിജയ് പാര്‍ട്ടിയുടെ പതാക ഉയര്‍ത്തും
'വിജയക്കൊടി' പാറിക്കാന്‍ തമിഴക വെട്രി കഴകം; പാര്‍ട്ടിപ്പതാക നാളെ ഉയരും
Published on

തമിഴ് നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്‍റെ (ടിവികെ) പതാക വ്യാഴാഴ്ച പുറത്തിറക്കും. ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ രാവിലെ 11ഓടെ വിജയ് പാര്‍ട്ടിയുടെ പതാക ഉയര്‍ത്തും. തമിഴ്നാടിന് പുറമെ കേരളം, കര്‍ണാടക തുടങ്ങിയ ഇടങ്ങളിലെയും ടിവികെ ഭാരവാഹികളുടെ സാന്നിധ്യത്തിലായിരിക്കും പതാക ഉയര്‍ത്തല്‍. 30 അടിയോളം ഉയരമുള്ള കൊടിമരമാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തും. മഞ്ഞനിറത്തിലുള്ള കൊടിയാകും തമിഴക വെട്രി കഴകത്തിനായി വിജയ് തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് സൂചന. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് ഇപ്പോള്‍ ധരിക്കുന്നത്. പാര്‍ട്ടി ആസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉയര്‍ത്തിയ താത്കാലിക കൊടിയും മഞ്ഞനിറത്തിലുള്ളതാണ്.

സെപ്റ്റംബര്‍ അഞ്ചിന് വിജയ് ചിത്രം ഗോട്ട് റിലീസ് ചെയ്യുന്ന ആയിരത്തോളം തിയേറ്ററുകളിലും പതാക ഉയര്‍ത്താന്‍ പദ്ധതിയുണ്ട്. പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം സെപ്റ്റംബര്‍ 22ന് വിഴുപ്പുറം ജില്ലയിലെ വിക്രവണ്ടിയില്‍ നടക്കും. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂന്ന് ലക്ഷത്തോളം പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ അണിനിരക്കുമെന്നാണ് വിവരം. 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രവര്‍ത്തനം നടത്തുന്ന തമിഴക വെട്രി കഴകം തമിഴ്നാട്ടിലെ 236 നിയമസഭ മണ്ഡലങ്ങളും കേന്ദ്രീകരിച്ച് വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയോട് കൂടി അഭിനയത്തില്‍ നിന്ന് വിടപറയാനാണ് വിജയ്‌യുടെ തീരുമാനം. സിനിമ തിരക്കുകള്‍ പൂര്‍ത്തിയായ ശേഷം വിജയ് സംസ്ഥാന പര്യടനം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

2024 ഫെബ്രുവരിയിലായിരുന്നു വിജയ് തമിഴക വെട്രി കഴകം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. നടന്‍റെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന്റെ ചുവടുപിടിച്ചായിരുന്നു രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം. പിന്നാലെ, പ്രവര്‍ത്തകരുടെ നേതൃത്വത്തി‍ല്‍ വിപുലമായ മെമ്പര്‍ഷിപ്പ് ക്യാംപെയ്നും നടന്നിരുന്നു. തമിഴ്നാട്ടിലെ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാന്‍ ടിവികെ നടത്തിയ പരിപാടി വന്‍ വിജയമായിരുന്നു. ജാതിരഹിതവും ദീര്‍ഘവീക്ഷണവും അഴിമതി രഹിതവും കാര്യക്ഷമവുമായ ഭരണമാണ് ടിവികെ മുന്നോട്ട് വെക്കുന്നതെന്ന് പാര്‍ട്ടി പ്രഖ്യാപന വേളയില്‍ വിജയ് പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com