വഖഫ് ഭേദഗതി; ബിൽ സംയുക്ത പാർലമെൻ്ററി കമ്മിറ്റിക്ക് വിട്ട് കേന്ദ്രം; സ്വാഗതം ചെയ്ത് പ്രതിപക്ഷം

വഖഫ് ഭേദഗതി ബിൽ പാർലമെൻ്റിൽ പാസാക്കുന്നതിന് മുൻപായി സൂക്ഷ്മ പരിശോധന നടത്താനായാണ് കമ്മിറ്റിക്ക് വിട്ടതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി
വഖഫ് ഭേദഗതി; ബിൽ സംയുക്ത പാർലമെൻ്ററി കമ്മിറ്റിക്ക് വിട്ട് കേന്ദ്രം;  സ്വാഗതം ചെയ്ത് പ്രതിപക്ഷം
Published on

ലോക്‌സഭാ പ്രതിപക്ഷ പ്രതിഷേധങ്ങൾ നിലനിൽക്കേ വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെൻ്ററി കമ്മിറ്റി(ജെപിസി)ക്ക് വിട്ട് കേന്ദ്രം. വഖഫ് ഭേദഗതി ബിൽ പാർലമെൻ്റിൽ പാസാക്കുന്നതിന് മുൻപായി സൂക്ഷ്മ പരിശോധന നടത്താനായാണ് കമ്മിറ്റിക്ക് വിട്ടതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. കേന്ദ്രസർക്കാരിൻ്റെ ഈ നീക്കത്തെ മുസ്ലീം ലീഗ് എംപി ഇ. ടി മുഹമ്മദ് ബഷീർ, ആർഎസ്‌പി നേതാവ് എൻ. കെ. പ്രേമചന്ദ്രൻ എന്നിവർ സ്വാഗതം ചെയ്തു. 


പ്രതിപക്ഷത്തിൻ്റെ ഐക്യം മൂലം ഇത്തരമൊരു തീരുമാനമെടുക്കാൻ കേന്ദ്രം നിർബന്ധിതരാവുകയായിരുന്നെന്ന് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. വിഷയത്തിൽ സഭയിൽ നല്ലൊരു ചർച്ച നടന്നെന്നും എംപി വ്യക്തമാക്കി. കൊല്ലം എംപി എൻ.കെ പ്രേമചന്ദ്രനും കേന്ദ്രത്തിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്തു.  19 പേർ ബില്ലിൻ്റെ അവതരണാനുമതിക്കെതിരെ പ്രസംഗിച്ചെന്നും ബിൽ പാസാക്കി നിയമം ആയാൽ അത്  കോടതി റദ്ദാക്കുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. 

വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ പാർലമെൻ്റിൽ ഉയർന്നിരുന്നു. ഭരണഘടനക്കെതിരായ നീക്കമാണിതെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം ബിൽ എതിർത്തത്. എന്നാൽ മുൻ കോൺഗ്രസ് സർക്കാരുകൾക്ക് വഖഫ് നിയമത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തതിനാലാണ് ബിജെപി സർക്കാരിന് ഭേദഗതികൾ കൊണ്ടുവരേണ്ടിവന്നതെന്ന് മന്ത്രി കിരൺ റിജിജു പറഞ്ഞു. ബില്ലിനെതിരെ പ്രതിപക്ഷം തെറ്റിധാരണ പരത്തുകയാണ്. ന്യൂനപക്ഷങ്ങളെ കുറിച്ച് പഠനം നടത്തിയ സച്ചാർ കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ഭേദഗതികൾ വരുത്തിയത്.  ഈ ബില്ലിനെ പിന്തുണക്കുകയാണെങ്കിൽ നിങ്ങൾക്ക് കോടിക്കണക്കിന് ആളുകളുടെ അനുഗ്രഹം ലഭിക്കുമെന്നും സാധാരണക്കാർക്ക് നീതി ലഭിക്കാനാണ് ഈ ബിൽ കൊണ്ടുവന്നതെന്നും കിരൺ റിജിജു പറഞ്ഞു. 

വഖഫ് കൗണ്‍സിലിലും ബോർഡുകളിലും മുസ്ലീം ഇതര അംഗങ്ങളെയും വനിതകളെയും ഉള്‍പ്പെടുത്തണം എന്നതടക്കം നിർണായക നിർദേശങ്ങള്‍ ഭേദഗതി ബില്ലിലുണ്ട്. 11 അംഗ ബോർഡില്‍ രണ്ട് വനിതകളും രണ്ട് മുസ്ലീം ഇതര വിഭാഗത്തില്‍ നിന്നുള്ളവരും വേണമെന്നാണ് നിർദേശം. 40ല്‍ ഏറെ ഭേദഗതികളാണ് ബില്ലിലുള്ളത്. വഖഫ് സ്വത്തുക്കളില്‍ സർക്കാർ നിയന്ത്രണം കോണ്ടുവരുന്ന തരത്തിലാണ് ബില്ല്. അതോടെ തർക്കം നിലനില്‍ക്കുന്ന സ്വത്തുക്കളില്‍ സർക്കാർ തീരുമാനം നിർണായകമാകും. നിലവില്‍, 1.2 ലക്ഷം രൂപയുടെ ആസ്തിയാണ് വഖഫ് ബോർഡിനുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com