'സ്വര്‍ണ മെഡലും ആശുപത്രികളുടെ ലിസ്റ്റും'; ശ്രദ്ധനേടി കൊല്‍ക്കത്തയിലെ ഡോക്ടറുടെ മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച ഡയറി

ഡോക്ടര്‍ക്ക് ഡയറി എഴുതുന്ന ശീലമുണ്ടായിരുന്നതായി രക്ഷിതാക്കളും സ്ഥിരീകരിച്ചിട്ടുണ്ട്.
'സ്വര്‍ണ മെഡലും ആശുപത്രികളുടെ ലിസ്റ്റും'; ശ്രദ്ധനേടി കൊല്‍ക്കത്തയിലെ ഡോക്ടറുടെ മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച ഡയറി
Published on
Updated on

കൊല്‍ക്കത്തയില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ മൃതദേഹത്തിനരികില്‍ നിന്ന് കിട്ടിയ ഡയറിയിലെ വാക്കുകള്‍ ശ്രദ്ധനേടുന്നു. ഗോള്‍ഡ് മെഡല്‍ നേടണമെന്ന ആഗ്രഹവും ഏതെല്ലാം ആശുപത്രികളില്‍ ജോലി ചെയ്യണമെന്ന ലിസ്റ്റുമടക്കം രേഖപ്പെടുത്തിയിരിക്കുന്ന ഡയറി കൊല്ലപ്പെട്ട ഡോക്ടറുടേതാണെന്നാണ് കരുതുന്നത്.

മൃതദേഹത്തിനരികില്‍ നിന്ന് ലഭിച്ച ഡയറിയുടെ പല പേജുകളും കീറിപ്പോയ നിലയാണ്. ഇതില്‍ ബാക്കിയുള്ള ഭാഗങ്ങളിലാണ് സ്വര്‍ണ മെഡല്‍ നേടുന്നതിനെക്കുറിച്ചും മാതാപിതാക്കളോടുള്ള സ്‌നേഹത്തെക്കുറിച്ചുമൊക്കെ പ്രതിപാദിക്കുന്നത്.

കൈയ്യെഴുത്ത് പരിശോധിക്കുന്ന വിദഗ്ധരെക്കൊണ്ട് ഡയറി കൊല്ലപ്പെട്ട ഡോക്ടറുടേത് തന്നെയാണെന്ന ഉറപ്പിക്കേണ്ടതിനാല്‍ കേസ് അന്വേഷിക്കുന്ന സിബിഐയുടെ കൈവശമാണ് ഡയറി ഇപ്പോഴുള്ളത്. ഡോക്ടര്‍ക്ക് ഡയറി എഴുതുന്ന ശീലമുണ്ടായിരുന്നതായി രക്ഷിതാക്കളും സ്ഥിരീകരിച്ചിട്ടുണ്ട്.

'അവള്‍ക്ക് വലിയ ഡോക്ടര്‍ ആകാനായിരുന്നു ആഗ്രഹം. ആരോഗ്യ മേഖലയില്‍ സ്വര്‍ണമെഡലും മറ്റു അംഗീകാരങ്ങളും നേടണം എന്ന് ആഗ്രഹിച്ചിരുന്നു. അവള്‍ എംഡിക്ക് പോകാനും ആഗ്രഹിച്ചിരുന്നു,' ഡോക്ടറുമായി ബന്ധമുള്ള വൃത്തങ്ങള്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ഓഗസ്റ്റ് ഒന്‍പതിനാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ സെമിനാര്‍ കോംപ്ലക്‌സില്‍ ഡോക്ടറെ അര്‍ധ നഗ്നാവസ്ഥയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി ക്രൂരമായ ബലാത്സംഗത്തിനിരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരിക രക്തസ്രാവമുണ്ടായിരുന്നതായും കഴുത്തിന്റെ എല്ല് പൊട്ടിയ കാരണം ശ്വാസം മുട്ടിയാണ് മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


കേസില്‍ കൊല്‍ക്കത്ത പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി കേസ് സിബിഐക്ക് കൈമാറണമെന്ന് രക്ഷിതാക്കള്‍ തന്നെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ രാജ്യത്തുടനീളം വലിയ പ്രതിഷേധമാണ് നടന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ ജോലി സമയം, സുരക്ഷിതത്വം, കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രധാനമായും സമരങ്ങളും പ്രതിഷേധങ്ങളും നടന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com