
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം ജീവൻ കവർന്നെടുത്തവർക്ക് കൂട്ടത്തോടെ പുത്തുമലയിൽ ഇനി അന്ത്യവിശ്രമം. മേപ്പാടി പുത്തുമലയിലെ ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയിൽ അവരിനി ഒന്നിച്ചുറങ്ങും. തിരിച്ചറിയാത്ത 27 മൃതദേഹങ്ങളും 154 ശരീര ഭാഗങ്ങളുമാണ് ഇന്ന് സംസ്കരിക്കുന്നത്. 200 കുഴിമാടങ്ങളാണ് ഇതിനായി തയ്യാറാക്കിയത്. ആദ്യ ഘട്ടത്തിൽ 16 മൃതദേഹങ്ങൾ സംസ്കരിച്ചു. ഇനി 15 മൃതദേഹങ്ങളാണ് സംസ്കരിക്കാനുള്ളത്. സർവമത പ്രാർത്ഥനകളോടെ ഓരോ ശരീരഭാഗങ്ങളും ഓരോ മൃതദേഹങ്ങളായി കണ്ട് പ്രത്യേകമായിട്ടാണ് സംസ്കരിക്കുന്നത്. കുഴികൾക്ക് മുന്നിൽ അടയാളമായി ഡിഎന്‍എ നമ്പറുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഹാരിസണ്‍ മലയാളത്തിന്റെ 64 സെന്റ് സ്ഥലമാണ് സംസ്‍കാരത്തിനായി അളന്ന് തിട്ടപ്പെടുത്തിയത്. സര്‍ക്കാരിന്റെ പ്രത്യേക മാര്‍ഗനിര്‍ദേശ പ്രകാരമായിരിക്കും സംസ്‌കാരം. ഇന്നലെ എട്ട് മൃതദേഹങ്ങള്‍ ഇവിടെ സംസ്‌കരിച്ചിരുന്നു. രാത്രി 10.20 ഓടെയായിരുന്നു സര്‍വമത പ്രാര്‍ത്ഥനയോടെ സംസ്‌കാരം. ഇന്നലെ സംസ്‍കാരം നടത്തിയ സ്ഥലത്ത് ഇന്നും പ്രത്യേക പ്രാർത്ഥനകൾ നടന്നിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിൽ പൊലിഞ്ഞത് 368 ജീവനുകളാണ്. ഇരുനൂറോളം പേരെയാണ് ഇനി കണ്ടെത്താനുള്ളത്. നിലവിൽ ദുരന്തഭൂമിയെ 12 സോണുകളായി തിരിച്ചാണ് പരിശോധന നടത്തുന്നത്.
അതേസമയം, ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ഒരു സംഘവും തെരച്ചിൽ നിർത്തിയിട്ടില്ല. കൃത്യമായ സംവിധാനങ്ങളിലൂടെയാണ് നിലവിൽ അന്വേഷണം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ മൃതദേഹ ഭാഗങ്ങളുടെയടക്കം ഡിഎന്‍എ എടുക്കുകയും സംസ്കരിക്കുന്ന സ്ഥലം വ്യക്തമായി രേഖപ്പെടുത്തിയതിന് ശേഷമാണ് മുഴുവൻ സംസ്കാരവും നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നത് വരെ തെരച്ചിൽ തുടരാനാണ് സൈന്യത്തിന്റെ നീക്കം. ഘട്ടം ഘട്ടമായി തെരച്ചിൽ പ്രവർത്തനങ്ങൾ സംസ്ഥാന ഭരണകൂടത്തിന് കൈമാറുമെന്നും സൈന്യം അറിയിച്ചിട്ടുണ്ട്.