
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ, മഴക്കെടുതിയിൽ ഇരയായവരുടെ അപേക്ഷകൾ പെട്ടന്ന് പരിഹരിക്കണമെന്ന് കേന്ദ്രസർക്കാർ ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം നൽകി. രേഖകളടക്കമുള്ള നിബന്ധനകളിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തി.
എൽഐസി, നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, ഓറിയെന്റൽ ഇൻഷുറസ്, യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് അടക്കമുള്ള കമ്പനികൾക്കാണ് നിർദ്ദേശം. ഇതനുസരിച്ച് കമ്പനികൾ ഇൻഷുറൻസ് തുക വേഗത്തിൽ വിതരണം ചെയ്യാൻ ഡോക്യുമെന്റേഷനിൽ സമഗ്രമായ ഇളവ് വരുത്തി. എത്രയും വേഗത്തിൽ പോളിസി ഉടമകളെ ബന്ധപ്പെടാവാൻ ഇൻഷുറൻസ് കമ്പനികൾ നടപടികൾ ആരംഭിച്ചു. ക്ലെയിമുകൾ തീർപ്പാക്കി കമ്പനികൾ വേഗത്തിൽ പണം നൽകുന്നുവെന്നത് ഉറപ്പുവരുത്താൻ ജനറൽ ഇൻഷുറൻസ് കൗൺസിലിനെയും നിയോഗിച്ചിട്ടുണ്ട്.
എല്ലാ ഇൻഷുറൻസ് കമ്പനികൾക്കും ക്ലെയിം സ്റ്റാറ്റസ് ദിവസവും റിപ്പോർട്ട് ചെയ്യുന്നതിനായി പോർട്ടൽ ആരംഭിക്കും. കേന്ദ്രസർക്കാരും ധനമന്ത്രാലയവും ദുരന്തത്തിൻ്റെ ഇരകൾക്ക് പിന്തുണ നൽകുമെന്നും ആവശ്യമായ സഹായം കാലതാമസവും പ്രശ്‌നവും കൂടാതെ ലഭ്യമാക്കുമെന്നും ധനമന്ത്രാലയം അറിയിച്ചു.