
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ പതിമൂന്നാം ദിവസവും തുടരുന്നു. ഗംഗാവാലി നദിയില്‍ സിഗ്നല്‍ ലഭിച്ച നാലാമത്തെ സ്ഥലത്താണ് ഇപ്പോള്‍ തെരച്ചില്‍ പുരോഗമിക്കുന്നത്. പ്രദേശത്തെ മത്സ്യബന്ധന തൊഴിലാളികളുടെ സഹായത്തോടെയാണ് നേവി തെരച്ചില്‍ നടത്തുന്നത്. മത്സ്യത്തൊഴിലാളിയായ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. കരയില്‍ നിന്നും 132 മീറ്റര്‍ മാറി ചെളിയില്‍ പുതഞ്ഞ് അര്‍ജുന്‍റെ ലോറി കിടക്കുന്നുണ്ടെന്നാണ് രക്ഷാദൗത്യത്തിന്‍റെ നിഗമനം.
പുഴയില്‍ വീണ വൈദ്യുതി ലൈന്‍ പുറത്തെത്തിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു. ഈ ലൈന്‍ നീക്കിയാല്‍ മാത്രമേ പുഴയുടെ താഴേ തട്ടിലേക്ക് ഇറങ്ങാനാകൂ. മരങ്ങളും സ്റ്റീല്‍ ഉള്‍പ്പെടെയുള്ളവയും ഡൈവിന് തിരിച്ചടിയാണെന്നും അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരുമെന്നും ഈശ്വര്‍ മാല്‍പെ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഷിരൂരില്‍ എല്ലാവരും ഒരു ടീമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍ ഏകോപനമില്ലായ്മയുണ്ടെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. യോഗത്തില്‍ തീരുമാനിച്ച കാര്യങ്ങള്‍ നടപ്പിലാക്കണം. യോഗത്തില്‍ ഒന്ന് പറയുന്നു. പിന്നിട് മറ്റൊന്ന് നടപ്പിലാക്കുന്നു എന്നും മന്ത്രി ആരോപിച്ചു. തെരച്ചില്‍ അവസാനിപ്പിക്കില്ലെന്നും ഇക്കാര്യം കളക്ടറോടും നേവിയോടും പറഞ്ഞിട്ടുണ്ടെന്ന് എംപി എം.കെ രാഘവനും പറഞ്ഞു. ഫ്‌ളോട്ടിങ് വെസലും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് പുഴയിലിറങ്ങാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.