
ബെൽജിയത്തിൽ പൂക്കൾ കൊണ്ട് പരവതാനി ഒരുങ്ങുന്നു. ബെൽജിയത്തിലെ പ്രധാന നഗരമായ ബ്രസൽസിലെ ഗ്രാൻഡ് പ്ലേസിലാണ് പൂക്കൾ കൊണ്ടുള്ള പരവതാനി ഒരുക്കുന്നത്. 100-ലധികം സന്നദ്ധപ്രവർത്തകർ ചേർന്ന് നിർമിക്കുന്ന പരവതാനിയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. വർഷാവർഷമായി ബെൽജിയൻ ജനത ഒരുക്കുന്ന ഈ കാഴ്ച കാണാൻ ലക്ഷണക്കിനു സന്ദർശകരാണ് എത്താറുള്ളത്.
2022-ൽ, വെറും നാല് ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കിയ പരവതാനി കാണാൻ ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്ന് ഏകദേശം ഒന്നരലക്ഷത്തിലധികം സഞ്ചാരികളാണെത്തിയത്.
1971 ലാണ് പൂക്കൾ കൊണ്ട് പരവതാനി നിർമിക്കുക എന്ന ആശയത്തിലേക്ക് ബെൽജിയം എത്തുന്നത്. ജനശ്രദ്ധയാകർഷിക്കാൻ തുടങ്ങിയതോടെ നിർമാണം പിന്നീടുള്ള വർഷങ്ങളിലും പിന്തുടർന്നു. പ്രധാനമായും ഡാലിയ പൂക്കൾകൊണ്ടാണ് പരവതാനി നിർമാണം. പരവതാനിയുടെ 62% ഓളം വരുമിത്. അതായത് ഓരോ ചതുരശ്ര മീറ്ററിലും ഏകദേശം 450 ഡാലിയാ പൂക്കൾ ഉണ്ടാകും. നിർമാണത്തിന് ബെൽജിയക്കാർക്കു പുറമെ സ്പെയിൻ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ട്.
ലോൺഹൗട്ട് ബ്ലൂമെൻകോർസോ എന്ന സംഘടനയാണ് നിർമാണത്തിന് നേതൃത്വം നൽകുന്നത്. കൃത്യമായി അക്കങ്ങളിട്ട് കളങ്ങളൊരുക്കിയതിനു ശേഷമാണ് പൂക്കൾ നിറയ്ക്കുന്നത്. എന്നാൽ കഴിഞ്ഞ മാസങ്ങളിൽ പെയ്ത ശക്തമായ മഴ പൂക്കളുടെ ക്ഷാമത്തിന് കാരണമായെങ്കിലും നിർമാണം അവസാനിപ്പിച്ചില്ല. സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ പലയിടങ്ങളിൽ നിന്നായി പൂക്കൾ ശേഖരിച്ച് നിർമാണം പൂർത്തിയാക്കുകയാണിപ്പോൾ.