
ലോകമെമ്പാടുമുള്ള വിമാന കമ്പനികളും, പൊതുമേഖലാ ബാങ്കിംഗ് സ്ഥാപനങ്ങളും പ്രവർത്തനരഹിതമായപ്പോഴും ഒരു രാജ്യത്തെ മാത്രം മൈക്രോസോഫ്റ്റിൻ്റെ 'ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്' ബാധിച്ചില്ല. ആ രാജ്യം ചൈനയായിരുന്നു. അമേരിക്കന്‍ കമ്പനികളായ മൈക്രോസോഫ്റ്റിന്‍റെ സേവനങ്ങള്‍ ചൈനയിലെ കമ്പനികള്‍ അധികം ഉപയോഗിക്കാത്തതാണ് ഇതിന് കാരണം. ബെയ്‌ജിങ്ങ് വിമാനത്താവളവും എയർ ചൈന അടക്കമുള്ള ചൈനയിലെ വിമാന കമ്പനികളും പറയുന്നതനുസരിച്ച് സർവീസുകൾ തടസമില്ലാതെ പ്രവർത്തിച്ചുവെന്നാണ് റിപ്പോർട്ട്.
അതേസമയം, ചൈനയിലെ വളരെ കുറച്ച് കമ്പനികളെ വിൻഡോസ് തകരാർ ബാധിച്ചതായും പറയുന്നു. സൈബർ സെക്യൂരിറ്റിക്കായി ക്രൗഡ്‌സ്ട്രൈക്കിനെ ആശ്രയിക്കുന്ന കമ്പനികളുടെ പ്രവർത്തനത്തെയാണ് ഇത് ബാധിച്ചത്. ആഗോള ഹോട്ടൽ ശൃംഖലകളായ ഷെറാട്ടൺ, മാരിയറ്റ്, ഹയാത്ത് തുടങ്ങിയവയുടെ ചൈനയിലെ സ്ഥാപനങ്ങളിൽ ഓൺലൈൻ ഇടപാടുകൾ നടത്താൻ ബുദ്ധിമുട്ടിയതായും പരാതിപ്പെട്ടിരുന്നു. ചൈനയിലെ സംരംഭകരെയല്ല, മൈക്രോസോഫ്റ്റ് ഉപയോഗിക്കുന്ന വിദേശ കമ്പനികളെയാണ് ബാധിച്ചതെന്നത് ശ്രദ്ധേയം.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചൈനയിലെ സർക്കാർ സ്ഥാപനങ്ങളിലും മറ്റു കമ്പനികളും വിദേശ ഐടി സംരംഭകരുടെ സേവനം ഒഴിവാക്കി പ്രാദേശിക കമ്പനികളുടെ സേവനമാണ് ഉപയോഗിക്കുന്നത്. അതിനാലാണ് ലോകമെമ്പാടും മൈക്രോസോഫ്റ്റ് പണിമുടക്കിയപ്പോഴും ചൈനയിൽ പ്രവർത്തനങ്ങൾ സുഗമമായി നടന്നത്.
വിൻഡോസിൻ്റെ ഭാഗത്തു നിന്നുള്ള ആൻ്റി വൈറസ് അപ്ഡേഷനിൽ സംഭവിച്ചൊരു വീഴ്ചയാണ് ഈ ആഗോള പ്രതിഭാസത്തിന് പിന്നിലെന്നാണ് പ്രാഥമികമായി വിൻഡോസ് നൽകുന്ന വിശദീകരണം. ക്രൗഡ് സ്ട്രൈക്ക് ആൻ്റി വൈറസിലെ അപ്ഡേഷനാണ് പ്രതിസന്ധിയുടെ കാരണമെന്നാണ് അവർ വിശദീകരിക്കുന്നത്. 'ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്' (BSOD) എന്ന ബഗ് കാരണം, ലോകമെമ്പാടുമുള്ള നിരവധി കമ്പനികളാണ് രാവിലെ മുതൽ പ്രശ്നത്തിലായത്. അമേരിക്ക തൊട്ട് ഓസ്ട്രേലിയ വരെയുള്ള മുഴുവൻ ലോക രാജ്യങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും സ്വകാര്യ കമ്പനികളും വരെ കുറച്ചധികം നേരത്തേക്ക് വലിയ പ്രതിസന്ധിയാണ് നേരിട്ടത്.
എന്താണ് 'ക്രൗഡ് സ്ട്രൈക്ക്'
യുഎസിലെ ഓസ്റ്റിൻ ആസ്ഥാനമായുള്ള ഒരു അമേരിക്കൻ സൈബർ സുരക്ഷാ സാങ്കേതിക കമ്പനിയാണ് 'ക്രൗഡ് സ്ട്രൈക്ക് ഹോൾഡിംഗ്സ് ഇൻകോർപറേറ്റ്സ്'. സൈബർ സെക്യൂരിറ്റി മേഖലയിൽ സൈബർ ആക്രമണം, ഇൻ്റലിജൻസ് ഭീഷണി, പെനെട്രേഷൻ വർക്ക്‌ലോഡ്, എൻഡ് പോയിൻ്റ് സുരക്ഷ എന്നിവ സംബന്ധിച്ച സേവനങ്ങൾ നൽകുന്ന കമ്പനിയാണിത്. ഇവരുടെ ആൻ്റി വൈറസ് അപ്ഡേഷനിൽ സംഭവിച്ച ടെക്നിക്കൽ വീഴ്ചയാണ് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങൾ നേരിട്ടത്.