ജപ്പാനിൽ ആഞ്ഞുവീശി ആംപിൾ ചുഴലിക്കാറ്റ്; ലക്ഷക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു

ആംപിള്‍ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും രാജ്യത്ത് വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്
ജപ്പാനിൽ ആഞ്ഞുവീശി ആംപിൾ ചുഴലിക്കാറ്റ്; ലക്ഷക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു
Published on

ജപ്പാനില്‍ നാശം വിതച്ച്  ആംപിള്‍ ചുഴലിക്കാറ്റ്. വെള്ളിയാഴ്ചയോടെ തെക്ക് കാന്‍റോ തീരം തൊട്ട ചുഴലിക്കാറ്റിനെ തുടർന്ന് ടോക്കിയോ നഗരത്തില്‍ ശക്തമായ മഴ തുടരുകയാണ്. മുന്നൊരുക്കങ്ങളുടെ ഭാഗമായി ലക്ഷക്കണക്കിന് പേരെ പ്രധാന നഗരങ്ങളില്‍ നിന്നും മാറ്റിപാർപ്പിച്ചു. സെക്കന്‍റില്‍ 45 മീറ്റർ വ്യാപന ക്ഷമതയുള്ള ചുഴലിക്കാറ്റിന് മണിക്കൂറില്‍ 216 കിലോമീറ്റർ വരെ പ്രഹരശേഷിയുണ്ടാകാമെന്നാണ് ജപ്പാൻ കാലാവസ്ഥാ ഏജൻസി ജെഎംഎയുടെ മുന്നറിയിപ്പ്.

ആംപിള്‍ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും രാജ്യത്ത് വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടോക്കിയോ നഗരത്തിൽ മഴയും കാറ്റും വലിയ രീതിയിലുള്ള വൈദ്യുതി തടസത്തിനും കാരണമായി. വെള്ളിയാഴ്ച മാത്രം രാജ്യത്തിന്‍റെ കിഴക്കന്‍ നഗരങ്ങളില്‍ നിന്ന് പതിനായിരങ്ങളെയാണ് ഭരണകൂടം ഒഴിപ്പിച്ചത്.

മുന്‍കരുതൽ നടപടിയായി വടക്കുകിഴക്കൻ ജപ്പാനിലെ ഫുകുഷിമയിലെ ഇവാക്കി നഗരത്തില്‍ നിന്ന് മൂന്നേകാല്‍ ലക്ഷം പേർക്ക് മാറി താമസിക്കാന്‍ പ്രാദേശിക ഭരണകൂടം നിർദേശം നൽകി. ടോക്കിയോയുടെ കിഴക്കുള്ള ചിബ പ്രവിശ്യയിലെ മൊബാരയിൽ നിന്നും ഏതാണ്ട് 20,000 പേർ മാറിതാമസിക്കേണ്ട അവസ്ഥയിലാണ്. മറ്റ് നഗരങ്ങളിലുള്ളവർക്കും ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.

ALSO READ: മനുഷ്യൻ നിസഹായനാവുമ്പോൾ ! രാജ്യത്തെ നടുക്കിയ ഏഴ് ദുരന്തങ്ങൾ

മുന്നറിയിപ്പിനെ തുടർന്ന് ടോക്കിയോയിലെ പ്രധാന വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു. എയർ ജപ്പാന് കീഴിലുള്ള 281 ആഭ്യന്തര വിമാനങ്ങളും 54 അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കി. രാജ്യാന്തര യാത്രികരടക്കം 70,000 ലധികം യാത്രക്കാരെ ഇത് ബാധിച്ചേക്കും. ടോക്കിയോക്കും നഗോയയ്ക്കും ഇടയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിനുകളുടെ ഗതാഗതവും തടസപ്പെട്ടു. കാൻ്റോ മേഖലയില്‍ മാത്രം 2,500-ലധികം വീടുകളില്‍ വെെദ്യുതിയില്ല. ചുഴലിക്കാറ്റ് പിന്മാറുന്നത് വരെ തീരപ്രദേശത്തും നദീതീരങ്ങളിലും താമസിക്കുന്നവർക്കും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com