റഷ്യയിൽ പോരാട്ടം കടുപ്പിച്ച് യുക്രെയ്ൻ, ഖത്തറിൻ്റെ മധ്യസ്ഥ ശ്രമം പാളി; ആണവ നിലയത്തിൻ്റെ സുരക്ഷാ സ്ഥിതി മോശമെന്ന് യുഎൻ

ഖത്തറിൻ്റെ മധ്യസ്ഥതയിൽ പദ്ധതിയിട്ട ചർച്ചകളെല്ലാം, സംഘർഷം ആരംഭിച്ചത് മുതൽക്ക് ഇരു രാജ്യങ്ങളെയും ബാധിക്കുന്ന ഊർജ, അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള വിനാശകരമായ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു
റഷ്യയിൽ പോരാട്ടം കടുപ്പിച്ച് യുക്രെയ്ൻ, ഖത്തറിൻ്റെ മധ്യസ്ഥ ശ്രമം പാളി; ആണവ നിലയത്തിൻ്റെ സുരക്ഷാ സ്ഥിതി മോശമെന്ന് യുഎൻ
Published on


യുക്രെയ്നും റഷ്യയും ഈ മാസം ഖത്തറിലെ ദോഹയിൽ വെടിനിർത്തൽ ചർച്ചകളിൽ ഏർപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു. ഖത്തറിൻ്റെ മധ്യസ്ഥതയിൽ പദ്ധതിയിട്ട ചർച്ചകളെല്ലാം, സംഘർഷം ആരംഭിച്ചത് മുതൽക്ക് ഇരു രാജ്യങ്ങളെയും ബാധിക്കുന്ന ഊർജ, അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള വിനാശകരമായ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു.

എന്നാൽ, റഷ്യയുടെ പടിഞ്ഞാറൻ കുർസ്‌ക് മേഖലയിൽ യുക്രെയ്ൻ നടത്തിയ അപ്രതീക്ഷിത കരയാക്രമണത്തിലൂടെ യുദ്ധത്തിൻ്റെ തീവ്രത കുറയ്ക്കാമായിരുന്ന നയതന്ത്ര മുന്നേറ്റം പാളിയിരിക്കുകയാണ്. വാഷിംഗ്ടൺ പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തെ ഇരു രാജ്യങ്ങളും തർക്ക പരിഹാരത്തിന് സമ്മതം മൂളിയിരുന്നുവെങ്കിലും, യുക്രെയ്ൻ കുർസ്ക് ആക്രമിച്ചതും, റഷ്യയിൽ അവർ സൈനിക നടപടികൾ ശക്തമാക്കിയതും സമാധാന നീക്കങ്ങളെ പിന്നോട്ടടിച്ചു.

മോസ്കോ നഗരത്തിൽ നിന്നുള്ള റഷ്യൻ സൈനിക നീക്കങ്ങളും സപ്ലൈ നീക്കങ്ങളും തടയാൻ ലക്ഷ്യമിട്ട് കുർസ്കിലേക്കുള്ള പ്രധാന പാലം യുക്രെയ്ൻ സൈന്യം തകർത്തെന്ന് റഷ്യ ആരോപിച്ചു. കഴിഞ്ഞ 11 ദിവസമായി യുക്രെയ്ൻ റഷ്യൻ നഗരങ്ങളിൽ ആക്രമണം തുടരുകയാണ്. മേഖലയിൽ അധിനിവേശം വർധിക്കുന്ന സാഹചര്യത്തിൽ ഖത്തറിൻ്റെ അധ്യക്ഷതയിലുള്ള ഒത്തുതീർപ്പ് ചർച്ചകളിൽ നിന്ന് റഷ്യ പിന്മാറിയ നിലയാണുള്ളത്.

ഇസ്താംബൂളിലും ഐക്യരാഷ്ട്ര സഭയിലും രഹസ്യ ചർച്ചകൾ ഉൾപ്പെടെയുള്ള നയതന്ത്ര ശ്രമങ്ങൾ മുമ്പ് നടന്നിരുന്നുവെങ്കിലും ഇരുവശത്തു നിന്നും തുടർച്ചയായ സൈനിക ആക്രമണം കാരണം അവ ഫലം കണ്ടിരുന്നില്ല. യുക്രെയ്നിലെ സപ്പോരിജിയ ആണവ നിലയത്തിലെ സുരക്ഷാ സ്ഥിതി മോശമായി വരികയാണെന്ന് യുഎൻ ആണവ നിരീക്ഷക സംഘം ശനിയാഴ്ച മുന്നറിയിപ്പ് നൽകി. റഷ്യയുടെ നിയന്ത്രണത്തിലുള്ള തെക്കൻ യുക്രെയ്‌നിലെ അധിനിവേശ പ്ലാൻ്റിന് സമീപം യുക്രെയ്ൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയെന്ന് റഷ്യ ആരോപിച്ചു.

യുദ്ധത്തിൻ്റെ തുടക്കത്തിൽ റഷ്യയുടെ സൈന്യം പിടിച്ചെടുത്ത ആണവ പ്ലാൻ്റ് ആവർത്തിച്ചുള്ള ആക്രമണങ്ങൾക്ക് വിധേയമാകുകയാണ്. എന്നാൽ ഇരുപക്ഷവും പരസ്പരം പഴിചാരി രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ശനിയാഴ്ച സ്ഫോടന വിവരം അറിഞ്ഞയുടൻ അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) ഉദ്യോഗസ്ഥർ നിലയം സന്ദർശിക്കുകയും സുരക്ഷാ വിലയിരുത്തൽ നടത്തുകയും ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com