റഷ്യന്‍ അതിർത്തിയില്‍ നിന്ന് എട്ട് കിലോമീറ്റർ മാത്രം അകലെയുള്ള സുഡ്ഷ നഗരമുള്‍പ്പെടെ 1,150 ചതുരശ്ര കിലോമീറ്റർ റഷ്യന്‍ മേഖല കീഴടക്കിയതായാണ് യുക്രെയ്ന്‍ അവകാശപ്പെടുന്നത്
രണ്ടാഴ്ചയിലധികമായി തുടരുന്ന യുക്രെയ്ന്‍ സൈനികാധിനിവേശത്തില്‍ റഷ്യയ്ക്ക് വൻ തിരിച്ചടി. 82 റഷ്യൻ മേഖലകൾ യുക്രെയ്ൻ പിടിച്ചെടുത്തു. അതേസമയം, സമ്മർദ്ദത്തിലൂടെ മാത്രമെ റഷ്യയെ സമാധാനത്തിനായി പ്രേരിപ്പിക്കാനാവൂയെന്ന് സെലന്‍സ്കി പറഞ്ഞു.
റഷ്യന്‍ അതിർത്തിയില്‍ നിന്ന് എട്ട് കിലോമീറ്റർ മാത്രം അകലെയുള്ള സുഡ്ഷ നഗരമുള്‍പ്പെടെ 1,150 ചതുരശ്ര കിലോമീറ്റർ റഷ്യന്‍ മേഖല കീഴടക്കിയതായാണ് യുക്രെയ്ന്‍ അവകാശപ്പെടുന്നത്. 82 ജനവാസ കേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തതായി യുക്രെയ്ന്‍ സൈനിക കമാന്‍ഡർ ഒലെക്‌സാണ്ടർ സിർസ്‌കി പറഞ്ഞു.
ഓഗസ്റ്റ് 6ന് ആരംഭിച്ച യുക്രെയ്നിന്‍റെ തിരിച്ചടിയില്‍ ഇതുവരെ 12ഓളം സാധാരണക്കാർ കൊല്ലപ്പെട്ടതായും, 121 ഓളം പേർക്ക് ഗുരുതരമായി പരുക്കേറ്റെന്നുമാണ് റഷ്യയുടെ സ്ഥിരീകരണം. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം റഷ്യ നേരിടുന്ന ഏറ്റവും വലിയ സൈനിക ആക്രമണമാണിത്. ഇതിനിടെ കുർസ്ക് അതിർത്തി മേഖലയിലെ ഒരു ഗ്രാമം തിരിച്ചുപിടിച്ചതായി റഷ്യയും അവകാശപ്പെട്ടു.
READ MORE: റഷ്യൻ അതിർത്തിയിലെ 74 സെറ്റിൽമെൻ്റുകൾ യുക്രെയ്ൻ നിയന്ത്രണത്തിൽ: അവകാശവാദവുമായി സെലെൻസ്‌കി
അതിർത്തി പ്രദേശമായ ബെൽഗൊറോഡില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതായും, കുർപെറ്റ്സിലെ ശത്രുസൈന്യത്തിന്‍റെ നീക്കങ്ങളെ പൂർണമായും പരാജയപ്പെടുത്തിയെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, അതിർത്തിയിലെ സംഘർഷം റഷ്യന്‍ മേഖലയില്‍ വലിയ പലായനത്തിനാണ് വഴിവെച്ചിരിക്കുന്നത്. ഇതിനോടകം ഒരു ലക്ഷത്തി ഇരുപതിനായിരം പേർ കുടിയൊഴിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ട്. കുർസ്കില്‍ നിന്നുമാത്രം നൂറുകണക്കിന് അഭയാർഥികള്‍ അനിശ്ചിതത്വത്തില്‍ ജീവിക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
READ MORE: ചാരിറ്റിയായി യുക്രെയിന് 51 ഡോളർ നൽകി; രാജ്യദ്രോഹക്കുറ്റം ചുമത്തി നർത്തകിയെ ജയിലിലടച്ച് റഷ്യ