
റഷ്യയിലേക്കുള്ള യുക്രെയ്ൻ സൈന്യത്തിന്റെ കടന്നാക്രമണത്തെ തുടർന്ന് കർസ്ക് പ്രവിശ്യയിൽ നിന്ന് ഏകദേശം 76,000 ലധികം ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്. റഷ്യയെ തകർക്കുകയും റഷ്യൻ സൈന്യത്തിന്റെ ആക്രമണങ്ങളെ ഇല്ലാതാക്കുകയും ചെയ്യുകയാണ് നുഴഞ്ഞുകയറ്റത്തിൻ്റെ ലക്ഷ്യമെന്ന് യുക്രെയ്ൻ സുരക്ഷാ ഉദ്യോഗസ്ഥൻ ഏജൻസി ഫ്രാൻസ്-പ്രസ്സിനോട് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുക്രെയ്ൻ സൈനികർ റഷ്യയിലെ കർസ്ക് മേഖലയിൽ അപ്രതീക്ഷിത ആക്രമണം നടത്തുന്നത്. നുഴഞ്ഞ് കയറ്റത്തിൽ പങ്കാളികളായ സൈനികരുടെ എണ്ണം വളരെക്കൂടുതൽ ആണെന്ന് യുക്രെയ്ൻ സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു.
യുദ്ധത്തിന്റെ ആദ്യ നാളുകൾ മുതൽ റഷ്യ പിടിച്ചടക്കിയ സപ്പോരിജിയ ആണവ നിലയത്തിൻ്റെ കൂളിംഗ് ടവറുകളിൽ ഒന്നിൽ തീപിടുത്തമുണ്ടായതായി സെലെൻസ്കി പറഞ്ഞു. റേഡിയേഷൻ അളവ് സാധാരണ നിലയിലാണ് എന്നും അദ്ദേഹം അറിയിച്ചു. യുക്രെയ്നെയും യൂറോപ്പിനെയും ലോകത്തെയും ബ്ലാക്ക് മെയിൽ ചെയ്യാൻ ആറ് റിയാക്ടറുകൾ ഷട്ട്ഡൗൺ മോഡിൽ ഉള്ള സൈറ്റിൻ്റെ നിയന്ത്രണം റഷ്യ ഉപയോഗിക്കുന്നതായും സെലെൻസ്കി ആരോപിച്ചു.
അതേസമയം റഷ്യയുടെ പടിഞ്ഞാറൻ കർസ്ക് മേഖലയിൽ തൻ്റെ സൈന്യം ആക്രമണം നടത്തുകയാണെന്ന് യുക്രെയ്‌ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കി നേരത്തെ അംഗീകരിച്ചിരുന്നു. ഇതാദ്യമായാണ് റഷ്യയിൽ യുദ്ധം നടത്തുകയാണെന്ന് യുക്രെയ്ൻ തുറന്ന് സമ്മതിക്കുന്നത്. 2022 ൽ റഷ്യ അധിനിവേശം നടത്തിയതിന് ശേഷം നീതി പുനഃസ്ഥാപിക്കാനുള്ള കീവിൻ്റെ ഓപ്പറേഷന്റെ ഭാഗമായാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
യുദ്ധമാരംഭിച്ചതിനു ശേഷം റഷ്യയിലേക്ക് യുക്രെയ്ൻ നടത്തുന്ന ഏറ്റവും വലിയ സൈനിക മുന്നേറ്റം കൂടിയാണ് കർസ്ക് മേഖലയിലേക്ക് നടത്തിയത്. എന്നാൽ യുക്രെയ്‌ന്റെ അക്രമണത്തോടെ മേഖലയിൽ റഷ്യ ഫെഡറൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ കൂടുതൽ ആയുധങ്ങളും, സൈനികരെയും ഉൾപ്പെടുത്തി പ്രത്യാക്രമണവും ശക്തമാക്കിയിരിക്കുകയാണ്.