
മൂന്നാം മോദി സർക്കാരിൻ്റെ ബജറ്റിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്നതാണ് അവതരിപ്പിച്ച ബജറ്റെന്നും പിണറായി വിജയൻ പറഞ്ഞു. കേരളം ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നിലപാടാണ് ബജറ്റിൽ പ്രതിഫലിച്ചത്.
ഏതെങ്കിലും സംസ്ഥാനത്തെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തി. കേരളത്തിൻ്റെ പ്രധാന ആവശ്യങ്ങളായ എയിംസ് ഉള്‍പ്പെടെയുള്ളവ ബജറ്റിൽ പരിഗണിച്ചില്ല. കൂടാതെ പ്രകൃതി ദുരന്ത നിവാരണ കാര്യങ്ങളിലും ടൂറിസം മേഖലയിലും കേരളത്തെ പരിഗണിച്ചിട്ടില്ല. ഈ അവഗണ തീർത്തും നിരാശാജനകവും പ്രതിഷേധാർഹവുമാണ്. കേരളത്തിൻ്റെ ആവശ്യങ്ങൾ കേന്ദ്രത്തിനു മുന്നിൽ ആവർത്തിച്ചുന്നയിക്കാൻ യോജിച്ച ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്രബജറ്റ് എൻഡിഎയുടെ സങ്കുചിത താല്‍പ്പര്യം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ളതാണെന്ന് കെ.സുധാകരൻ എം പി പ്രതികരിച്ചു. മൂന്നാം മോദിസര്‍ക്കാരിൻ്റെ കന്നിബജറ്റ് രാഷ്ട്രീയപ്രേരിത ബജറ്റാണെന്നും, ഇത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു. ബിജെപി ഇതര സംസ്ഥാനങ്ങളോടുള്ള സമീപനം ഈ ബജറ്റിലും മോദി ഭരണകൂടം തുറന്നുകാട്ടി.
ഘടകക്ഷികള്‍ക്ക് പരിഗണന നല്‍കിയതിന് അപ്പുറം ജനപ്രിയ പദ്ധതികളൊന്നും ബജറ്റിൽ ഇല്ല. സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിക്ക് സഹായം പ്രഖ്യാപിക്കാത്തത് നിരാശാജനകമെന്നും കെ.സുധാകരൻ പറഞ്ഞു. മതേതര രാഷ്ട്രീപാര്‍ട്ടികള്‍ സംയുക്തമായി പ്രക്ഷോഭം നടത്തണമെന്നും സുധാകരന്‍ ആഹ്വാനം ചെയ്തു. കേരളത്തിനോടുള്ള അവഗണനയ്ക്കെതിരെ യോജിച്ചുള്ള സമരം അനിവാര്യമാണെന്നും കെ.സുധാകരൻ എം പി പറഞ്ഞു.