
കൊൽക്കത്തയിലെ കൊലപാതക കേസിൽ മമത ബാനർജിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി സുകാന്ത മജുംദാർ. മമതയുടെ രാജി ആവശ്യപ്പെട്ട് ഓഗസ്റ്റ് 29ന് ജില്ലാ മജിസ്ട്രേറ്റ് ഓഫീസുകളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്ത ബലാത്സംഗ കൊലപാതക കേസിൽ വ്യാപകപ്രതിഷേധം തുടരുമ്പോൾ വിഷയം സംസ്ഥാന സർക്കാരിനെതിരെ ആയുധമാക്കുകയാണ് ബിജെപി.
മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനമാണ് കേന്ദ്ര മന്ത്രി സുകാന്ത മജുംദാർ ഉയർത്തിയത്. മമത ബാനർജിയുടെ ഫോൺ അന്വേഷണസംഘം പിടിച്ചെടുത്ത് പരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. കേസിൽ മമതയ്ക്കെതിരെയും ബംഗാൾ ആരോഗ്യ മന്ത്രിക്കെതിരെയും അന്വേഷണം വേണമെന്നും സുകാന്ത മജുംദാർ ആവശ്യപ്പെട്ടു
മുഖ്യമന്ത്രി മമത ബാനർജിയെ പശ്ചിമ ബംഗാളിലെ ജനങ്ങൾ അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്നും അവരെ ഗംഗാ നദിയിൽ മുക്കുമെന്നും മജുംദാർ പറഞ്ഞു. സർക്കാർ വിദ്യാർഥി പ്രസ്ഥാനങ്ങളുടെ പ്രതിഷേധത്തെ വല്ലാതെ ഭയക്കുന്നുണ്ട് അവരുടെ ശബ്ദം അടിച്ചമർത്താനാണ് സർക്കാരിൻ്റെ ശ്രമമെന്നും മജുംദാർ കൂട്ടിച്ചേർത്തു. യാതൊരു നടപടിയും സ്വീകരിക്കാത്ത വനിത കമ്മീഷൻ ഓഫീസ് ഉപരോധിച്ച് ശക്തമായ പ്രതിഷേധത്തിനുള്ള ഒരുക്കത്തിലാണ് മഹിളാ മോർച്ചയും.
മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് ഓഗസ്റ്റ് 29ന് എല്ലാ ജില്ലാ മജിസ്ട്രേറ്റ് ഓഫീസുകൾക്ക് മുൻപിലും ബിജെപി പ്രതിഷേധം സംഘടിപ്പിക്കും. ഓഗസ്റ്റ് 9നായിരുന്നു കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിലെ സെമിനാർ ഹാളിൽ ട്രെയിനി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. സിബിഐക്കാണ് കേസിൽ അന്വേഷണ ചുമലത. കേസിൽ ഇരയ്ക്ക് നീതി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധങ്ങൾ നടന്നിരുന്നു.