
ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ചിന് പിന്നാലെ പത്തനംതിട്ട ഗവണ്മെൻ്റ് നഴ്സിംഗ് കോളജ് വിഷയത്തിൽ താൽകാലിക പരിഹാരവുമായി അധികൃതർ. ഒരാഴ്ചയ്ക്കകം കോളേജ് ബസ് ലഭ്യമാക്കാനും അടുത്ത ബാച്ച് വിദ്യാർഥികൾ പഠനത്തിനെത്തുന്നതിന് മുൻപായി പുതിയ കെട്ടിടത്തിലേക്ക് കോളേജ് മാറ്റാനും തീരുമാനമായി. പിടിഎ അംഗങ്ങളും മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറേറ്റും (ഡിഎംഇ) ചേർന്ന യോഗത്തിലാണ് താൽകാലിക പരിഹാരമായത്. വിഷയം ആരോഗ്യമന്ത്രിയുമായി ചർച്ച് ചെയ്ത് അന്തിമ തീരുമാനത്തിലെത്തുമെന്ന് പിടിഎ അംഗങ്ങൾ അറിയിച്ചു.
വിദ്യാർഥികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചതിനെ തുടർന്നാണ് പത്തനംതിട്ട നഴ്സിംഗ് കോളജ് വിഷയത്തിൽ ഡിഎംഇ താത്കാലിക പരിഹാരം കണ്ടെത്തിയത്. കോളജിന് അനുയോജ്യമായ കെട്ടിടത്തിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അടുത്ത അധ്യയന വർഷത്തിന് മുൻപ് പുതിയ കെട്ടിടം കണ്ടെത്തുമെന്ന് അധികൃതർ ഉറപ്പ് നൽകി. ഇന്ത്യൻ നഴ്സിങ്ങ് കൗൺസിലിൻ്റെ ഐഎൻസി അംഗീകാരവും സമയബന്ധിതമായി കരസ്ഥമാക്കും. ഒരാഴ്ചയ്ക്കകം ബസ് സൗകര്യം ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.
കോളേജിൽ അടിസ്ഥാന സൗകര്യങ്ങളും ഐഎൻസി അംഗീകാരവും ആവശ്യപ്പെട്ടായിരുന്നു ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് വിദ്യാർഥികൾ മാർച്ച് സംഘടിപ്പിച്ചത്. ഐഎൻസി അംഗീകാരം ലഭ്യമല്ലാത്തതിനാൽ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷാ ഫലം ആരോഗ്യ സർവകലാശാല തടഞ്ഞു വെച്ചിരുന്നു. എന്നാൽ പ്രതിഷേധങ്ങൾക്ക് പിന്നാലെ പരീക്ഷാ ഫലം കഴിഞ്ഞ ദിവസം പുറത്തു വിടുകയായിരുന്നു. ഐഎൻസി അംഗീകാരത്തിൽ തീരുമാനമായില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കാനായിരുന്നു വിദ്യാർഥികളുടെ തീരുമാനം. കുട്ടികളും രക്ഷിതാക്കളും ആവശ്യപ്പെട്ട സൗകര്യങ്ങളിലാണ് നിലവിൽ താൽകാലിക പരിഹാരമായിരിക്കുന്നത്. ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ചേർന്നുള്ള സംയുക്ത യോഗത്തിൽ പ്രതിസന്ധികൾ പരിഹരിക്കപ്പെടുമെന്നാണ് വിദ്യാർഥികളുടെ വിശ്വാസം.