
വയനാട് ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശവുമായി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അപകട ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ക്യാമ്പിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുള്ളവർ എത്രയും പെട്ടെന്നു തന്നെ ക്യാമ്പുകളിലേക്ക് മാറണമെന്നും കളക്ടർ അറിയിപ്പ് നൽകി. അതേ സമയം തദ്ദേശ സ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫീസർമാരും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നിര്‍ദേശം നൽകിയിട്ടുണ്ട്.
ചൂരൽമല പ്രദേശത്ത് ആംബുലൻസുകളുടെ എണ്ണം പരിമിതപ്പെടുത്താൻ തീരുമാനിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു. ചൂരൽമലയിലും സമീപത്തും ആവശ്യത്തിൽ കൂടുതൽ ആംബുലൻസുകൾ ഉള്ളത് രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. രക്ഷാപ്രവർത്തനത്തിന് 25 ആംബുലൻസുകൾ മാത്രമേ ദുരന്ത സ്ഥലത്ത് ആവശ്യമുള്ളൂ. ബാക്കി 25 ആംബുലൻസുകൾ സൗകര്യപ്രദമായ സ്ഥലത്ത് പാർക്ക് ചെയ്യണമെന്നും നിര്‍ദേശം നൽകി.
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും അതീവ ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയും മഴക്കെടുതികളും തുടരുന്ന സാഹചര്യത്തില്‍ വയനാട്, കണ്ണൂര്‍, കാസർകോട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി നല്‍കിയിട്ടുണ്ട്.