പി.ടി. കുഞ്ഞുമുഹമ്മദിന് എതിരായ ലൈംഗികാതിക്രമ കേസ്: നിയമാനുസൃത നടപടിയെടുക്കാത്തത് എന്തുകൊണ്ട്? സർക്കാർ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം: ഡബ്ല്യൂസിസി

ഐഎഫ്എഫ്കെ 2025 നടക്കുന്ന വേളയിൽ തന്നെ ഇക്കാര്യത്തിൽ ഉടൻ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യൂസിസി
പി.ടി കുഞ്ഞുമുഹമ്മദിന് എതിരായ ലൈംഗികാതിക്രമ പരാതിയിൽ ഡബ്ല്യൂസിസി
പി.ടി കുഞ്ഞുമുഹമ്മദിന് എതിരായ ലൈംഗികാതിക്രമ പരാതിയിൽ ഡബ്ല്യൂസിസിSource: Facebook
Published on
Updated on

കൊച്ചി: സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ചലച്ചിത്ര പ്രവർത്തകയുടെ ലൈംഗികാതിക്രമ പരാതിയിൽ നടപടിയുണ്ടാകാത്തതിൽ വിമർശനവുമായി വുമൺ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യൂസിസി). 30ാമത് ഐഎഫ്എഫ്കെയുടെ അണിയറ പ്രവർത്തനങ്ങൾക്കിടയിൽ മലയാള സിനിമാ വിഭാഗം സെലക്ഷൻ കമ്മറ്റി അധ്യക്ഷൻ കൂടിയായ പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഭാഗത്ത് നിന്നും ഒരു ചലച്ചിത്ര പ്രവർത്തകയ്ക്ക് എതിരെ ഉണ്ടായ ലൈംഗികമായ കയ്യേറ്റം ഫെസ്റ്റിവൽ നടത്തിപ്പിൽ വന്ന ഒരു കടുത്ത അപഭ്രംശമാണ്. ഈ ഞെട്ടിക്കുന്ന സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഡബ്യൂസിസി പ്രസ്താവനയിലൂടെ അറിയിച്ചു. ഐഎഫ്എഫ്‌കെ സെലക്ഷന്‍ സ്‌ക്രീനിങ്ങിനിടെ സംവിധായകന്‍ തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍ മുറിയില്‍വച്ച് അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്രപ്രവര്‍ത്തകയുടെ പരാതി.

ചലച്ചിത്ര അക്കാദമി ഐഎഫ്എഫ്കെ വേദികളിൽ നിന്ന് കുറ്റാരോപിതനെ അകറ്റിനിർത്തുന്നത് ഉചിതമായ നിലപാടാണ്. പക്ഷേ, അക്കാദമി നിയമാനുസൃതമായ നടപടിയെടുത്ത് കാണാത്തത് എന്തുകൊണ്ടാണെന്ന് ഡബ്യൂസിസി ചോദിക്കുന്നു. സ്ത്രീ സുരക്ഷയ്ക്ക് പ്രധാന്യം നൽകുന്ന സർക്കാരിൽ നിന്നും അടിയന്തിരമായി ഇക്കാര്യത്തിൽ നീതിയുക്തമായ ഇടപെടൽ അത്യാവശ്യമായ നിമിഷമാണ് ഇത്. തലമുതിർന്ന സംവിധായകനും രാഷ്ട്രീയമായി വലിയ സ്വാധീനശക്തിയുള്ള മുൻ എംഎൽഎയുമായ അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നൽകുന്നതല്ലേ ഈ കാത്തുനിർത്തലെന്നും സംഘടന ചോദിക്കുന്നു. അവൾ വിശ്വസിച്ച സുരക്ഷയുടെ വാഗ്ദാനം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. സർക്കാർ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും ഡബ്ല്യൂസിസി ആവശ്യപ്പെട്ടു.

പി.ടി കുഞ്ഞുമുഹമ്മദിന് എതിരായ ലൈംഗികാതിക്രമ പരാതിയിൽ ഡബ്ല്യൂസിസി
ഡബ്ല്യൂസിസി, 'അവൾക്കൊപ്പം' നിൽക്കുന്ന സ്ത്രീകൾ

ഡബ്ല്യൂസിസിയുടെ പ്രസ്താവനയുടെ പൂർണരൂപം:

ലോകസിനിമാ ഭൂപടത്തിൽ കേരളം തനതു മുദ്ര പതിപ്പിച്ച ഐഎഫ്എഫ്കെ മലയാളികളുടെ അഭിമാനമാണ്. അതിന് കോട്ടം തട്ടാതെ നോക്കേണ്ട ഉത്തരവാദിത്തം നമുക്കേവർക്കുമുണ്ട്. എന്നാൽ, ഐഎഫ്എഫ്കെയുടെ മുപ്പതാമത്തെ അധ്യായത്തിൽ ഫെസ്റ്റിവലിന്റെ അണിയറ പ്രവർത്തനങ്ങൾക്കിടയിൽ മലയാള സിനിമാ വിഭാഗം സെലക്ഷൺ കമ്മറ്റി അധ്യക്ഷനും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഭാഗത്ത് നിന്നും ഒരു ചലച്ചിത്ര പ്രവർത്തകയ്ക്ക് എതിരെ ഉണ്ടായ ലൈംഗികമായ കയ്യേറ്റം നമ്മുടെ ഫെസ്റ്റിവൽ നടത്തിപ്പിൽ വന്ന ഒരു കടുത്ത അപഭ്രംശമാണ്. ഡബ്ല്യൂസിസി ഈ ഞെട്ടിക്കുന്ന സംഭവത്തെ ശക്തമായി അപലപിക്കുന്നു.

സെലക്ഷൻ കമ്മറ്റി സിറ്റിങ്ങ് നടക്കുന്ന വേളയിലാണ് അതിക്രമമുണ്ടായത്. സർക്കാർ സ്ഥാപനമായ തൊഴിലിടത്തിൽ വച്ച് നടന്ന ഈ അതിക്രമത്തെക്കുറിച്ച്, അത് നേരിട്ട ചലച്ചിത്ര പ്രവർത്തക തന്നെ ഉന്നത അധികാരികളെ അറിയിച്ചിട്ടും നടപടിയെടുക്കുന്നതിലുള്ള മെല്ലെപ്പോക്ക് ആശങ്കാജനകവും പ്രതിഷേധാർഹവുമാണ്. ഇതു ഐഎഫ്എഫ്കെയുടെ ഖ്യാതിക്ക് ദോഷകരമാണ്.

ചലച്ചിത്ര അക്കാദമി ഐഎഫ്എഫ്കെ വേദികളിൽ നിന്ന് കുറ്റാരോപിതനെ അകറ്റിനിർത്തുന്നത് ഉചിതമായ നിലപാടാണ്; പക്ഷേ അക്കാദമി നിയമാനുസൃതമായ നടപടിയെടുത്ത് കാണാത്തത് എന്തുകൊണ്ടാണ്?

സ്ത്രീ സുരക്ഷക്ക് പ്രധാന്യം നൽകുന്ന സർക്കാരിൽ നിന്നും അടിയന്തിരമായി ഇക്കാര്യത്തിൽ നീതിയുക്തമായ ഇടപെടൽ അത്യാവശ്യമായ നിമിഷമാണ് ഇത്. അതിക്രമം നടത്തിയ തലമുതിർന്ന സംവിധായകനും രാഷ്ട്രീയമായി വലിയ സ്വാധീനശക്തിയുള്ള മുൻ എംഎൽഎയുമായ അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നൽകുന്നതല്ലേ ഈ കാത്തുനിർത്തൽ.

അവൾ വിശ്വസിച്ച സുരക്ഷയുടെ വാഗ്ദാനം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. ഇനി സർക്കാരിന് മുന്നിലുള്ള ഒരേയൊരു നടപടി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുക എന്നതാണ്. ഐഎഫ്എഫ്കെ 2025 നടക്കുന്ന വേളയിൽ തന്നെ ഇക്കാര്യത്തിൽ ഉടൻ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യൂസിസി സർക്കാരിനോട് ആവശ്യപ്പെടുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com