"ഭാവി റോബോട്ടുകള്‍ ഒളിംപിക്‌സില്‍ പോക്കറ്റില്‍ കയ്യുമിട്ട് മെഡല്‍ നേടുമോ?"; മസ്കിനോട് സംശയവുമായി വൈറല്‍ തുർക്കി ഷൂട്ടർ

2006 നോര്‍വയിലെ റെനയില്‍ നടന്ന മത്സരത്തില്‍ 25 മീറ്റര്‍ സെന്‍റര്‍-ഫയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ 597 പോയിന്‍റ് നേടി ഡിക്കച്ച് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു
സെവ്വാല്‍ ഇലയ്ദാ ടര്‍ഹാന, യുസുഫ് ഡിക്കച്ച്
സെവ്വാല്‍ ഇലയ്ദാ ടര്‍ഹാന, യുസുഫ് ഡിക്കച്ച്
Published on

പാരിസ് ഒളിംപിക്‌സില്‍ വൈറലായ തുര്‍ക്കിയുടെ പിസ്റ്റല്‍ ഷൂട്ടര്‍ യുസുഫ് ഡിക്കച്ചിന് ഒരു സംശയം. പിന്നെ കാത്തിരുന്നില്ല, സംശയം തീര്‍ക്കാന്‍ ബില്ല്യണയറും സംരംഭകനുമായ ഇലോണ്‍ മസ്‌കിനെ മെന്‍ഷന്‍ ചെയ്ത് ഒരു എക്‌സ് പോസ്റ്റിട്ടു. ഭാവിയില്‍ റോബോട്ട് ഷൂട്ടര്‍മാര്‍ പോക്കറ്റില്‍ കൈയ്യുമിട്ട് ഒളിംപിക്‌സില്‍ മത്സരിക്കുമോ എന്നായിരുന്നു ഡിക്കച്ചിന്‍റെ ചോദ്യം.

കാര്യങ്ങള്‍ സംസാരിക്കാന്‍ മസ്‌കിനെ ക്ഷണിക്കുക കൂടി ചെയ്തു ഡിക്കച്ച്. വൈകാതെ തന്നെ എക്‌സിലൂടെ മസ്‌ക് പ്രതികരിച്ചു. "ഹായ് ഇലോണ്‍, ഭാവിയിലെ റോബോട്ടുകള്‍ ഒളിംപിക്‌സില്‍ പോക്കറ്റില്‍ കയ്യുമിട്ട് മെഡല്‍ നേടുമോ? ഭൂഖണ്ഡങ്ങളെ ഒന്നിപ്പിക്കുന്ന സാംസ്കാരിക തലസ്ഥാനമായ ഇസ്താംബുളില്‍ വെച്ച് നമുക്കിത് ചര്‍ച്ച ചെയ്താലോ", ഡിക്കച്ച് എക്‌സിലൂടെ ചോദിച്ചു.

റോബോട്ടുകള്‍ ലക്ഷ്യത്തിന്‍റെ മധ്യത്തില്‍ തന്നെ കൊള്ളിക്കുമെന്നായിരുന്നു മസ്‌കിന്‍റെ പ്രതികരണം. "ഇസ്താംബുള്‍ സന്ദര്‍ശിക്കാനായി ഞാന്‍ കാത്തിരിക്കുന്നു", മസ്‌ക് കൂട്ടി ചേര്‍ത്തു.

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് വിഭാഗത്തില്‍ ഇറങ്ങിയ തുര്‍ക്കിയുടെ ഡിക്കച്ചും സെവ്വാല്‍ ഇലയ്ദാ ടര്‍ഹാനയും 'കൂള്‍' ആയാണ് മത്സരിച്ചത്. ഇരുവരുടെയും വേഷവിധാനവും മത്സര ശൈലിയും സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായി. സാധാരണയായി ഷൂട്ടിങ്ങിന് ധരിക്കുന്ന വേഷമായിരുന്നില്ല അവരുടേത്. മാത്രമല്ല, ഷൂട്ടിങ്ങിനായുള്ള സുരക്ഷാ ഉപകരണങ്ങളോ ലക്ഷ്യത്തിലേക്ക് ഉന്നം പിടിക്കാനുള്ള സൗകര്യമോ ഇല്ലാതെയാണ് ഇരുവരും മത്സരത്തിന് ഇറങ്ങിയത്. വെടിയൊച്ചയുടെ തീവ്രത കുറയ്ക്കാന്‍ ടര്‍ഹാന ഒരു ഹെഡ് ഫോണ്‍ ധരിച്ചിരുന്നു. ഡിക്കിച്ചിന് അതും ഉണ്ടായിരുന്നില്ല. ഇരുവരും കൈകള്‍ പോക്കറ്റിലിട്ട് തികച്ചു ലാഘവത്തോടെ നിറയൊഴിച്ചു. കൃത്യം വെള്ളി മെഡലില്‍ വെടികൊണ്ടു. സമൂഹ മാധ്യമങ്ങളില്‍ സ്വര്‍ണം കിട്ടിയവരെ മറികടന്ന് ഡിക്കച്ച് താരമായി.

പാരിസ് ഒളിംപിക്‌സിലെ വിജയം ഭാവി തലമുറയ്ക്ക് ആവേശമാകുമെന്നായിരുന്നു മത്സര ശേഷം ഡിക്കച്ചിന്‍റെ പ്രതികരണം. "യൂസഫ് ഡിക്കച്ച് എന്നത്, വെറുമൊരു പേരും ചിഹ്നവുമാണ്. ഡിക്കച്ചിനു പകരം തുര്‍ക്കിഷ് അത്‌ലറ്റെന്ന് പറയപ്പെടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്", വൈറല്‍ ഷൂട്ടര്‍ പറഞ്ഞു.

28 വയസ് മുതല്‍ ഷൂട്ടിങ്ങില്‍ സജീവമാണ് ഡിക്കച്ച്. ഇത് അഞ്ചാമത്തെ തവണയാണ് ഡിക്കച്ച് ഒളിംപിക്‌സ് ഷൂട്ടിംഗ് മത്സരത്തില്‍ പങ്കെടുക്കുന്നത്. 2008 ബെയ്ജിങ് ഒളിംപിക്‌സിലായിരുന്നു ഡിക്കച്ചിന്‍റെ അരങ്ങേറ്റം. എന്നാല്‍ ഒളിംപിക് മെഡല്‍ കയ്യിലെത്തിയത് പാരിസലാണ്. 2006 നോര്‍വയിലെ റെനയില്‍ നടന്ന മത്സരത്തില്‍ 25 മീറ്റര്‍ സെന്‍റര്‍-ഫയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ 597 പോയിന്‍റ് നേടി ഡിക്കച്ച് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com