ആയിരം ദിനങ്ങൾ പിന്നിട്ട് സുഡാനിലെ യുദ്ധം. സുഡാനിലെ 34 ദശലക്ഷത്തോളം ആളുകൾക്ക് ഇന്ന് മാനുഷിക സഹായം ആവശ്യമാണ്. സംഘർഷം ആരംഭിച്ച് ഇന്നുവരെ ഓരോ ദിവസവും 5000 കുട്ടികൾ കുടിയിറക്കപ്പെടുന്നുവെന്നാണ് യുനിസെഫിൻ്റെ കണക്ക്. അന്ത്യമില്ലാതെ പലായനം തുടരുകയാണ് ജനത.
2023 ഏപ്രിലിലാണ് സുഡാനിൽ ആഭ്യന്തര യുദ്ധം ആരംഭിക്കുന്നത്. രാജ്യത്തെ സൈനിക ഭരണാധികാരികളും അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ തുടങ്ങിയ യുദ്ധം അതിന്റെ ഏറ്റവും മാരകമായ അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. 33 ദശലക്ഷത്തിലധികം ആളുകളെ യുദ്ധം പട്ടിണിയിലേക്ക് തള്ളിവിട്ടു കഴിഞ്ഞു. ജനസംഖ്യയുടെ ഏകദേശം 65 ശതമാനം പേർക്കും ചികിത്സയും ലഭിക്കുന്നില്ല.
സംഘർഷം രൂക്ഷമായ ഡാർഫറിലും കോർഡോഫാനിലും പകുതിയിലധികം കുട്ടികളും പോഷകാഹാരക്കുറവിനാൽ ബുദ്ധിമുട്ടുന്നു. സുഡാനിലെ 45 ശതമാനത്തിലധികം ആളുകൾ രൂക്ഷമായ ഭക്ഷ്യക്ഷാമം അനുഭവിക്കുന്നു. ഗെദാരെഫിലും ഡാർഫറിലും ഇസ്ലാമിക് റിലീഫ് നടത്തിയ പഠനത്തിൽ 83% കുടുംബങ്ങൾക്കും ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് കണ്ടെത്തൽ.
സ്ത്രീകൾ ഗൃഹനാഥരായ മുക്കാൽ ഭാഗം കുടുംബങ്ങളിലും കഴിക്കാൻ ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും ഐക്യരാഷ്ട്രസഭ അറിയിച്ചു. ഭക്ഷണം തേടി പോകുന്ന ഇടങ്ങളിൽ സ്ത്രീകൾ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതായും റിപ്പോർട്ടുകളുണ്ട്. സ്വന്തം മണ്ണിൽ സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി നേരിടാൻ വരുമ്പോൾ, തങ്ങൾ എന്ത് തെറ്റാണ് ചെയ്തത് എന്ന ചോദ്യമാണ് സുഡാനിലെ കുട്ടികൾ ചോദിക്കുന്നത്.