ടെഹ്‌റാൻ: യുഎസ് ഇസ്രയേൽ ആക്രമണങ്ങളിൽ ഇറാനിൽ ഇതുവരെ 201 പേർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. 747 പേർക്ക് പരിക്കേറ്റതായും ഇറാനിയൻ മീഡിയ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിലെ 24 പ്രവിശ്യകളിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതേസമയം, യുഎസും ഇസ്രയേലും നടത്തുന്ന സംയുക്ത ആക്രമണത്തിൽ തിരിച്ചടി ശക്തമാക്കി ഇറാൻ. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരു കപ്പലിനും അനുവാദമില്ലെന്നാണ് ഇറാന്റെ പ്രഖ്യാപനം. തെക്കുകിഴക്കുള്ള ഒമാൻ ഗൾഫിന്റെയും പേർഷ്യൻ ഗൾഫിന്റെയും ഇടയിൽ വരുന്ന ഇടുങ്ങിയതും തന്ത്രപ്രധാനവുമായ ഒരു ജലപാതയാണ് ഹോർമുസ് കടലിടുക്ക്.
ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽ പാതകളിൽ ഒന്നാണ് മേഖല. പേർഷ്യൻ ഗൾഫിൽ നിന്ന് തുറന്ന സമുദ്രത്തിലേക്കുള്ള ഏക കടൽ പാതയായ ഇത് ലോകത്തിലെ ഏറ്റവും തന്ത്രപരമായി പ്രധാനപ്പെട്ട കടലിടുക്കുകളിൽ ഒന്നാണിത്. ഹോർമുസ് കടലിടുക്ക് അടച്ചുതോടെ ഇനി ലോകമാകെയുള്ള എണ്ണവിതരണത്തിൽ വ്യാപകമായ തടസങ്ങൾ നേരിടുന്നതാണ്.
ആഗോള ദ്രവീകൃത പ്രകൃതിവാതക വിതരണത്തിന്റെ 20-30 ശതമാനത്തിലധികവും ഹോർമുസിലൂടെയാണ് നടക്കുന്നത്. ഇത് അടച്ചിടുന്നതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ പകുതിയോളം തടസപ്പെടും. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നായി പ്രതിദിനം ഏകദേശം 2.6 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഹോര്‍മുസ് വഴി ഇന്ത്യയിലേക്ക് എത്തുന്നത്. ഹോർമുസ് കടലിടുക്ക് അടച്ചതിനാൽ ഇന്ത്യ മറ്റ് വഴികൾ തേടിയേക്കും.