വാഷിങ്ടണ്‍ ഡിസി: അനധികൃത കുടിയേറ്റം ആരോപിച്ച് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം എല്‍ സാല്‍വദോറില്‍ തടങ്കലിലാക്കിയ 250 വെനസ്വേലന്‍ പൗരന്മാരെ മോചിപ്പിച്ചു. യുഎസും വെനസ്വേലയും തമ്മില്‍ നടന്ന തടവുകാരുടെ കൈമാറ്റത്തിലൂടെയായിരുന്നു മോചനം.
അനധികൃത കുടിയേറ്റക്കാരെന്നും ക്രിമിനല്‍ സംഘാംഗങ്ങളെന്നും ആരോപിച്ചാണ് വെനസ്വേലന്‍ പൗരന്മാരെ എല്‍ സാല്‍വദോറിലെ പ്രത്യേക തടങ്കല്‍ പാളയത്തില്‍ അടച്ചിരുന്നത്. ഇവരെയാണ് യുഎസ് വെനസ്വേലയ്ക്ക് കൈമാറിയത്. പകരം, വെനസ്വേലയിലെ ജയിലുകളില്‍ നിന്ന് 10 യുഎസ് പൗരന്മാരും മോചിതരായി.
യുഎസ് തടവുകാരുടെ മോചനത്തിനായി കരാർ ഉണ്ടാക്കാൻ സഹായിച്ച വെനസ്വേലൻ പ്രസിഡന്റ് നയിബ് ബുകെലെയോട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നന്ദി പറഞ്ഞു.
വെനസ്വേലന്‍ ക്രിമിനല്‍ സംഘങ്ങളായ ട്രെൻ ഡി അരാഗ്വയുടെയും എംഎസ്-13ന്റെയും അംഗങ്ങളാണെന്ന് ആരോപിച്ചാണ് വെനസ്വേലന്‍ പൗരന്മാരെ എല്‍ സാല്‍വദോറില്‍ തടങ്കലില്‍ പാർപ്പിച്ചിരുന്നത്. അധികാരത്തിലേറിയതിനു പിന്നാലെ ജനുവരിയില്‍ യുഎസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് ഭീകരവാദപട്ടികയില്‍പ്പെടുത്തിയ ക്രിമിനല്‍ സംഘങ്ങളാണിത്. 1798ലെ നാടുകടത്തല്‍ നിയമം ഉപയോഗിച്ചാണ് ട്രംപ് ഇവരെ എല്‍ സാല്‍വദോറിലേക്ക് നാടുകടത്തിയത്. യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിക്രമങ്ങളൊന്നുമില്ലാതെ കുടിയേറ്റക്കാരെ തടങ്കലില്‍ വയ്ക്കാന്‍ സർക്കാരിന് അനുമതി കൊടുക്കുന്നതാണ് ഈ നിയമം.
രണ്ടാം ലോക മഹായുദ്ധകാലത്ത് ജാപ്പനീസ്, ജർമൻ, ഇറ്റാലിയന്‍ തടവുകാരെ പാർപ്പിച്ച കുപ്രസിദ്ധ കേന്ദ്രമാണ് എല്‍ സാല്‍വദോറിലെ ടെററിസം കൺഫൈൻമെന്റ് സെന്‍റർ. നയിബ് ബുകെലെ എല്‍ സാൽവദോർ പ്രസിഡന്‍റായി ചുമതലയേറ്റതിനു ശേഷമാണ് 40,000 തടവുകാരെ ഉള്‍ക്കൊള്ളാന്‍ പാകത്തിന് തടങ്കല്‍ കേന്ദ്രം വികസിപ്പിച്ചത്.