തെക്കൻ ഗാസയിലെ സഹായ വിതരണ കേന്ദ്രത്തിന് സമീപം ഇസ്രയേലിൻ്റെ ഷെല്ലാക്രമണത്തിലും വെടിവയ്പ്പിലുമായി കുറഞ്ഞത് 26 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആരോഗ്യ വിദഗ്‌ധരും പ്രദേശവാസികളുമാണ് ഈ വിവരം പങ്കുവച്ചതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
യുഎസ് ധനസഹായത്തോടെ പ്രവർത്തിക്കുന്ന മാനുഷിക സഹായ വിതരണകേന്ദ്രത്തിൻ്റെ സമീപത്ത് തടിച്ചുകൂടിയ ആൾക്കൂട്ടത്തിന് നേരെയാണ് ഇസ്രയേൽ വെടിയുതിർത്തതെന്ന് റഫയിലെ പ്രാദേശിക പത്രപ്രവർത്തകനായ മുഹമ്മദ് ഗരീബ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
"ഇസ്രയേൽ നിയന്ത്രണത്തിലുള്ള പ്രദേശമായതിനാൽ രക്ഷാപ്രവർത്തകർക്ക് അവിടേക്ക് പ്രവേശിക്കാൻ സാധിച്ചില്ല. മരിച്ചവരും പരിക്കേറ്റവരും വളരെ നേരം നിലത്ത് കിടന്നു", മുഹമ്മദ് ഗരീബ് പറഞ്ഞു.
സംഭവസ്ഥലത്ത് രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്തതിനാൽ, റഫ അൽ-മവാസിയിലെ റെഡ് ക്രോസ് ഫീൽഡ് ആശുപത്രിയിലേക്ക് മൃതദേഹങ്ങളെയും പരിക്കേറ്റവരെയും കഴുത വണ്ടികളിൽ കൊണ്ടുപോകുന്നതിൻ്റെ ദൃശ്യങ്ങൾ പ്രാദേശിക പത്രപ്രവർത്തകരും ആക്ടിവിസ്റ്റുകളും പങ്കിട്ടുവെന്നും ബിബിസി റിപ്പോർട്ട് ചെയ്തു.
പരിക്കേറ്റവരെ കൂടുതൽ ചികിത്സയ്ക്കായി ഖാൻ യൂനിസിലെ നാസർ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു.
അതേസമയം ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാറിൽ ഹമാസ് ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. സ്ഥിരമായ വെടിനിർത്തൽ കരാർ, ഗാസയിൽ നിന്ന് ഇസ്രയേലിൻ്റെ പൂർണമായ പിൻവാങ്ങൽ, മാനുഷിക സഹായങ്ങളുടെ തടസമില്ലാത്ത ലഭ്യത, എന്നീ നിബന്ധനകൾ ഒന്നും നിലവിലെ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതാണ് ഹമാസ് ആവശ്യപ്പെടുന്നത്.
ഇതിനിടെയാണ് ഇസ്രയേൽ വീണ്ടും ഗാസയിലേക്ക് ആക്രമണം തുടരുന്നത്. ട്രംപിൻ്റ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മുന്നോട്ടുവച്ച പുതിയ വെടിനിർത്തൽ കരാറിനാണ് രാജ്യങ്ങൾ പച്ചക്കൊടി വീശിയത്. എന്നാൽ ചില മാറ്റങ്ങൾ കൂടി കരാറിൽ കൊണ്ടുവരേണ്ടതുണ്ട് എന്ന് ഹമാസ് ആവശ്യപ്പെടുകയായിരുന്നു.
ഇസ്രയേല്‍ സൈന്യത്തെ പിന്‍ലിക്കണം എന്നടക്കമുള്ള ഹമാസിൻ്റെ ആവശ്യങ്ങള്‍ കരാർ വ്യവസ്ഥകളില്ലെന്ന് മുതിർന്ന ഹമാസ് ഉദ്യോഗസ്ഥന്‍ അബു സുഹ്‌രി സ്ഥിരീകരിച്ചിരുന്നു. വ്യവസ്ഥകളില്‍ അതൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനുപിന്നാലെയാണ് ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഹമാസ് രംഗത്തെത്തിയത്.