

വടക്കൻ ജർമ്മനിയിലെ സ്റ്റേഡ് നഗരത്തിൽ തിങ്കളാഴ്ച നടന്ന കൂട്ട വെടിവയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിയെന്ന് സംശയിക്കുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഏകദേശം 50000 ആളുകളോളം താമസിക്കുന്ന പ്രദേശമാണ് സ്റ്റേഡ്.
ഒരു യുവജന കേന്ദ്രത്തിന് സമീപമാണ് വെടിവയ്പ്പ് നടന്നത്, നിലവിൽ അവർ നഗരമധ്യത്തിന് പുറത്ത് വലിയ തോതിലുള്ള ഓപ്പറേഷൻ പ്ലാൻ ചെയ്യുന്നതായും പൊലീസ് പറഞ്ഞു. സുരക്ഷയ്ക്കായി പ്രദേശം വിട്ട് വിശാലമായ ഒരിടത്തേക്ക് മാറുവാനും പൊലീസ് ആളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
തോക്ക് ഉപയോഗിക്കുന്നതിന് യുഎസിലേതിനേക്കാൾ കൂടുതൽ നിയന്ത്രണങ്ങളുള്ള രാജ്യമാണ് ജർമ്മനി. അതുകൊണ്ടു തന്നെ ഇവിടെ കൂട്ട വെടിവയ്പ്പുകൾ കുറവാണ്. 25 വയസ്സിന് താഴെയുള്ളവർ ഒരു സൈക്യാട്രിക് പരീക്ഷയിൽ വിജയിച്ചാൽ മാത്രമേ അവർക്ക് തോക്ക് ലൈസൻസിന് അപേക്ഷിക്കാനാകൂ.
ഇതിന് മുമ്പ് ജർമ്മനിയിൽ നടന്ന ഏറ്റവും പുതിയ കൂട്ട വെടിവയ്പ്പുകളിലൊന്ന് 2023 മാർച്ചിലായിരുന്നു. ഒരു മുൻ യഹോവ സാക്ഷി അംഗമാണ് അന്ന് ഹാംബർഗിലെ ക്രിസ്ത്യൻ ഗ്രൂപ്പിൻ്റെ സഭയിലെ ആറ് പേരെ വെടിവച്ചു കൊന്ന ശേഷം സ്വയം വെടിവച്ച് മരിച്ചത്.