ഓസ്ട്രേലിയയിൽ രണ്ട് വിദ്യാർഥികളെ കുത്തിക്കൊന്ന കേസിൽ 7 കൗമാരക്കാർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത നാല് പേരടക്കമാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതികൾക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി.
സെപ്റ്റംബർ ആറ് രാത്രി എട്ട് മണിക്കാണ് സംഭവം. ബാസ്കറ്റ്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15 വയസുകാരൻ ഡൗ അകുവെങ്ങും 12കാരൻ കോൾ അച്ചീക്കുമാണ് ക്രൂര കൊലപാതകത്തിന് ഇരയായത്. കോബിൾബാങ്കിലെ തെരുവിൽ കുട്ടികളെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.
നിരപരാധികളായ കുട്ടികളുടെ ജീവനെടുത്ത ഘാതകരെ തേടിയുള്ള അന്വേഷണം എത്തിച്ചേർന്നത് 15നും 19നും ഇടയിൽ പ്രായമുള്ള ഏഴ് കൗമാരക്കാരിലേക്കാണ്. കോളിനെ മൂന്ന് പേർ പിന്തുടരുന്നതും മാരാകായുധങ്ങളുമായി തെരുവിലൂടെ ഓടിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. ഇന്ന് രാവിലെയാണ് മെൽബണിൽ വെച്ച് അന്വേഷണസംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരാണ്.
സമീപകാലത്ത് രാജ്യത്തെ ഞെട്ടിച്ച ഏറ്റവും ക്രൂരമായ കൊലപാതകങ്ങളായിരുന്നു ഇരുവരുടേയും. ബാസ്ക്കറ്റ് ബോളിൽ മിടുക്കരായിരുന്നു ഡൗ അകുവെങ്ങും കോൾ അച്ചീക്കും. കോൾ അച്ചീക്കിനും സഹോദരങ്ങൾക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനാണ് കുടുംബം സുഡാനിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. ഇരുവരുടെയും വിയോഗത്തിൻ്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും.
കൊലപാതകത്തിന് പിന്നിലെ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് വിക്ടോറിയ പൊലീസ് അസിസ്റ്റൻ്റ് കമ്മീഷണർ മാർട്ടിൻ ഒബ്രയൻ വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.