

കാബൂള്‍: പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ട് പത്ത് ദിവസത്തിനിടെ അഫ്ഗാനിസ്ഥാനില്‍ മരിച്ചത് 77 പേര്‍. 140 ഓളം പേര്‍ക്ക് പരിക്കേറ്റുവെന്നും അഫ്ഗാന്‍ ദുരന്തനിവാണ അതോറിറ്റി അറിയിച്ചു. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി 121 പേരാണ് രണ്ടാഴ്ചയ്ക്കിടെ ദുരന്തങ്ങളില്‍പ്പെട്ട് മരിച്ചത്.
മാര്‍ച്ച് അവസാനത്തോടെ ആരംഭിച്ച കനത്ത മഴയില്‍ രാജ്യത്ത് വിവിധ ഇടങ്ങളിലുണ്ടായ വെള്ളപ്പൊക്ക- മണ്ണൊലിപ്പ് ദുരന്തങ്ങളിലാണ് മരണസംഖ്യ ഉയരുന്നത്. 48 മണിക്കൂറിനിടെ 26 പേര്‍ മഴക്കെടുതിയില്‍ മരിച്ചു എന്നും, 800 ലധികം വീടുകള്‍ ഒലിച്ചുപോയെന്നുമാണ് ശനിയാഴ്ച അഫ്ഗാന്‍ അധികൃതര്‍ പുറത്തുവിട്ട കണക്ക്.
രാജ്യത്തുടനീളം 337 കിലോമീറ്റര്‍ റോഡ് തകര്‍ന്നു. ആറായിരത്തോളം കുടുംബങ്ങളെ ദുരന്തം ബാധിച്ചു എന്നും റിപ്പോര്‍ട്ട് പറയുന്നു.
പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ 44 പേരാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മരിച്ചത്. ഖൈബര്‍ പഖ്തുന്‍ഖ്വയുടെ വടക്കന്‍ പ്രവിശ്യയില്‍ 32 പേര്‍ക്കാണ് മാര്‍ച്ച് 25 മുതല്‍ തുടരുന്ന മഴക്കെടുതിയില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടത്. ബലൂചിസ്ഥാനില്‍ 12 പേരും മരിച്ചു.