

ലണ്ടൻ: എ320 വിഭാഗത്തിൽപ്പെടുന്ന വിമാനങ്ങളിലെ ഫ്ലൈറ്റ് കൺട്രോളുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിക്കുന്നതിനായി നിർമാണ കമ്പനിയായ എയർ ബസ് 6000 വിമാനങ്ങൾക്ക് അറ്റകുറ്റ പണികൾ നിർദേശിച്ചതായി റിപ്പോർട്ട്. ആഗോളതലത്തിലുള്ള വിമാന സർവീസുകളുടെ പാതിയും ഇതോടെ തടസ്സപ്പെടുമെന്നാണ് റിപ്പോർട്ട്.
എ320 വിമാനങ്ങളുടെ പ്രധാന സർട്ടിഫൈയിങ് അതോറിറ്റിയായ യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (ഇഎഎസ്എ) വെള്ളിയാഴ്ച രാത്രിയോടെയാണ് അടിയന്തര നിർദേശം നൽകിയത്. വിമാനങ്ങളിലെ സോഫ്റ്റ്‌വെയർ പഴയപടിയാക്കുന്ന നടപടികളാണ് പുരോഗമിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അതേസമയം, ഇന്ത്യയിൽ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്‌പ്രസ് എന്നീ വിമാനങ്ങളുടെ 200 മുതൽ 250 വിമാന സർവീസിനെ ഇത് ബാധിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് എ320 വിമാനങ്ങളിലെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന സോളാർ റേഡിയേഷൻ തടയുന്നതിനായി സോഫ്റ്റ്‌വെയർ അപ്ഡേഷൻ ആവശ്യമായി വരുമെന്ന് എയർ ബസ് അറിയിച്ചു. ആഭ്യന്തര വിമാനക്കമ്പനികൾക്ക് കീഴിലുള്ള എ320 വിഭാഗത്തിലുള്ള വിമാനങ്ങളിൽ പലതും സോഫ്റ്റ്‌വെയർ മാറ്റത്തിനും, ചില സന്ദർഭങ്ങളിൽ അറ്റകുറ്റ പണികൾക്കോ വിധേയമാകുന്നതിനാൽ, വിമാന സർവീസുകൾക്ക് പ്രവർത്തന തടസ്സങ്ങൾ നേരിടുമെന്ന് വൃത്തങ്ങൾ പറഞ്ഞു.
സാങ്കേതിക തടസ്സം നേരിടുന്ന വിമാനങ്ങൾ അടുത്ത തവണ സർവീസ് നടത്തുന്നതിന് മുമ്പ്, കേടായ ഇഎൽഎസി മാറ്റി സ്ഥാപിക്കുകയോ പരിഷ്കരിക്കുകയോ ചെയ്യണമെന്ന് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി കർശനമായി നിർദേശിച്ചിരിക്കുകയാണ്. A320 വിഭാഗത്തിൽ ഉൾപ്പെടുന്ന വിമാനങ്ങളിൽ എ319എസ്, എ320 ceos, neos, A321 ceos, neos എന്നിവ ഉൾപ്പെടുന്നുണ്ട്.
രാജ്യത്തെ വിമാന ഓപ്പറേറ്റർമാരുടെ കൈവശം ഏകദേശം 560 ഓളം എ320 വിഭാഗം വിമാനങ്ങളുണ്ടെന്നാണ് കണക്ക്. അവയിൽ 200 മുതൽ 250 വരെ വിമാനങ്ങൾക്ക് സോഫ്റ്റ്‌വെയർ അപ്ഡേഷനോ, ഹാർഡ്‌വെയർ പുനഃക്രമീകരണമോ ആവശ്യമായി വരുമെന്നും അവർ കൂട്ടിച്ചേർത്തു. അപകടത്തിൽപ്പെടുന്ന വിമാനങ്ങളിൽ അടിയന്തരമായി ഉപയോഗിക്കാവുന്ന, സർവീസ് ചെയ്യാവുന്ന ഒരു എലിവേറ്റർ ഐലറോൺ കമ്പ്യൂട്ടർ (ഇഎൽഎസി) സ്ഥാപിക്കാൻ എയർബസ് എയർലൈൻ ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടതായി യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (ഇഎഎസ്എ) അറിയിച്ചു. ഇഎൽഎസി വിമാന നിയന്ത്രണത്തിനുള്ള ഉപാധിയാണ്.