

ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭം ഏഴാം ദിനത്തിലേക്ക്. സംഘർഷത്തിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പ്രക്ഷോഭകരെ വെടിവെച്ച് കൊല്ലാൻ ഇറാനിയൻ ഭരണകൂടം ശ്രമിച്ചാൽ ഇടപെടുമെന്ന ട്രംപിന്‍റെ മുന്നറിയിപ്പും ഇറാന്‍റെ മറുപടിയും ആഗോള ചർച്ചയായിരുന്നു. പ്രക്ഷോഭത്തെ നിർദയം നേരിടുമെന്നാണ് ഇറാനിയൻ പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ബുഷെഹറിലും ലൊറെസ്താനിലും പ്രതിഷേധക്കാർ ഇറാനിയൻ ഇസ്ലാമിക റിപ്പബ്ലിക്കിന്‍റെ പതാകകൾ പിഴുതെറിയുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.
കഴിഞ്ഞ ഡിസംബർ 28 ന് തെഹ്റാനിലെ വ്യാപാരികളും കടയുടമകളും ആരംഭിച്ച് ഇറാന്‍റെ സമസ്ത ജനവിഭാഗങ്ങളും ഏറ്റെടുത്ത പ്രക്ഷോഭം ഒന്നാം ആഴ്ചയിലേക്ക് കടക്കുകയാണ്. പ്രതിഷേധക്കാരെ ഇറാൻ ഭരണകൂടം വെടിവെച്ച് കൊന്നാൽ അവരുടെ രക്ഷയ്ക്ക് അമേരിക്ക എത്തുമെന്ന ട്രംപിന്‍റെ പ്രസ്താവനയോടെ പ്രക്ഷോഭം പൂർണമായി ലോകശ്രദ്ധയിലെത്തി. ഇറാനിയൻ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ട്രംപ് ഉപയോഗിച്ച ''ലോക്ഡ് ആൻഡ് ലോഡഡ്' എന്ന പ്രയോഗം സവിശേഷ ശ്രദ്ധ നേടി. ആക്രമണത്തിന് സർവ സജ്ജമാണ് എന്ന് സൂചിപ്പിക്കുന്ന സൈനിക പ്രയോഗമാണത്. അമേരിക്ക ഇടപെട്ടാൽ സ്വയം പ്രതിരോധത്തിനായുള്ള നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് ഇറാൻ യുഎൻ സെക്രട്ടറി ജനറലിനും സുരക്ഷ കൗൺസിൽ അംഗങ്ങൾക്കും കത്തയച്ചതായി അന്താരാഷ്ട്ര മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. അതേസമയം, ഇറാനിൽ ഇടപെടുമെന്ന ട്രംപിന്‍റെ പ്രസ്താവനയെ എതിർത്തും അനുകൂലിച്ചും യുഎസിൽ ജനപ്രതിനിധികൾ രംഗത്തുവന്നു. റിപ്പബ്ലിക്കൻ അംഗമായ മാർജൊരീ റ്റെയ്ലർ ട്രംപിന്‍റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ചു. അമേരിക്ക ലോക പൊലീസ് ആവുന്നത് നിർത്തുന്നതിനാണ് 2024 ൽ ആളുകൾ ട്രംപിന് വോട്ട് ചെയ്തതെന്ന് റ്റെയ്ലർ എക്സിൽ കുറിച്ചു. എന്നാൽ, പാറ്റ് ഫാലൺ അടക്കമുള്ളവർ ട്രംപിന്‍റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടെ ഇറാനിയൻ ഉന്നത ഉദ്യോഗസ്ഥർ വിദേശരാജ്യങ്ങളിൽ അഭയം അന്വേഷിച്ചു തുടങ്ങിയെന്ന് യുകെ പാർലമെന്‍റ് അംഗം റ്റോം റ്റ്യുഗെൻധാറ്റ് എക്സ് പോസ്റ്റിൽ സൂചിപ്പിച്ചു.
ട്രംപിന്‍റെ പ്രസ്താവനയെ, മസീഹ് അലിനെജാദ് അടക്കമുള്ള ഇറാനിയൻ പ്രതിപക്ഷ നേതാക്കൾ സ്വാഗതം ചെയ്തു. ഇറാനിയൻ ഷാ രാജകുടുംബാംഗവും പ്രവാസ സർക്കാരിന്‍റെ നേതാവുമായ റേസാ പഹ്ലാവി ട്രംപിന് നന്ദി പറഞ്ഞു. ഒടുവിൽ ഇറാനിയൻ ജനതയ്ക്കൊപ്പം ഒരു യുഎസ് പ്രസിഡന്‍റ് നിലകൊണ്ടെന്ന് പഹ്ലാവി എക്സിൽ കുറിച്ചു.
ഇറാനിൽ 46 നഗരങ്ങളിലും 22 പ്രവിശ്യകളിലുമായി 113 ഇടങ്ങളിൽ സജീവ പ്രക്ഷോഭം തുടരുകയാണ്. പ്രതിഷേധക്കാരെ നിർദയം നേരിടുമെന്നാണ് ഇറാൻ പൊലീസ് നൽകിയിരിക്കുന്ന ഏറ്റവും പുതിയ മുന്നറിയിപ്പ്. മാഷാദ്, സഹെദാൻ, ഖാസ്വിൻ, ഹംദാൻ, ടെഹ്രാൻ എന്നിവിടങ്ങളിൽ വലിയ സംഘർഷങ്ങളുണ്ടായി. ബുഷെഹറിലും ലൊറെസ്താനിലും പ്രതിഷേധക്കാർ ഇറാനിയൻ ഇസ്ലാമിക റിപ്പബ്ലിക്കിന്‍റെ പതാകകൾ സ്ഥാപിച്ച കൊടിമരങ്ങൾ നശിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നു.
ഇറാനിലെ പ്രക്ഷോഭത്തിന്‍റെ ദൃശ്യങ്ങൾ പങ്കുവെച്ച യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പ് നൽകി കാനഡ അറിയിപ്പ് പുറത്തിറക്കി.