ധാക്ക: ബംഗ്ലാദേശിൽ ആൾക്കൂട്ടം മർദിച്ച് തീകൊളുത്തിയ വ്യാപാരി മരിച്ചു. ഖോകോൺ ചന്ദ്ര ദാസാണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ചന്ദ്രദാസ് ചികിത്സയിലിരിക്കെയാണ് കൊല്ലപ്പെട്ടത്.
ഡിസംബർ 31നായിരുന്നു ആക്രമണം. കേർഭംഗ ബസാറിൽ മെഡിസിൻ, മൊബൈൽ ബാങ്കിംഗ് ബിസിനസ് നടത്തിവരികയായിരുന്നു ചന്ദ്ര ദാസ്. കടഅടച്ചതിന് ശേഷം വീട്ടിലേക്ക് വരും വഴി ഒരു സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഓട്ടോറിക്ഷ തടഞ്ഞുനിർത്തിയായിരുന്നു ആക്രമണം.ചന്ദ്ര ദാസിനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തലയിലൂടെ പെട്രോൾ ഒഴിച്ച് തീകൊളുത്തി.
കേസിൽ റബ്ബി, സൊഹാഗ് എന്നീ രണ്ട് പേരെ പ്രതി ചേർത്തിരുന്നു. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ചന്ദ്ര ദാസിനെ ആക്രമിക്കുകയും തുടർന്ന് തലയിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു എന്നും ദാമുദ്യ പൊലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് മുഹമ്മദ് റബിയുൾ ഹഖ് പറഞ്ഞു. കഴിഞ്ഞ ദിവസം ബംഗ്ലാദേശിൽ സമാനമായി മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നിരുന്നു.