
ബോഗോ: ഫിലിപ്പീൻസിനെ നടുക്കി വീണ്ടും വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നിലവിൽ 31 പേർ മരിച്ചെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ 147 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
സെൻട്രൽ ഫിലിപ്പീൻസിലെ സിറ്റി ഓഫ് ബോഗോ, സാൻ റെമിജിയോ, ടാബുലാൻ, മെഡെലിൻ ഉൾപ്പെടെയുള്ള ഭൂകമ്പ ബാധിത നഗരങ്ങളിലും മുനിസിപ്പാലിറ്റികളിലുമെല്ലാം പ്രകൃതി ദുരന്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭൂകമ്പത്തെ തുടർന്ന് നിരവധി പ്രദേശങ്ങളിൽ വൈദ്യുതി തടസ്സപ്പെടുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് ഏകദേശം 17 കിലോമീറ്റർ അകലെയുള്ള ബോഗോ നഗരവും ദുരന്തബാധിത മേഖലയായി സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബോഗോയിൽ മാത്രം 19 പേർ മരിച്ചതായും, 119 പേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. ദേശീയ ദുരന്തനിവാരണ ഏജൻസിയുടെ കണക്കനുസരിച്ച് ഇതുവരെ രാജ്യത്തുടനീളം 26 പേർ കൊല്ലപ്പെട്ടു.
സാൻ റെമിജിയോ മുനിസിപ്പാലിറ്റിയിൽ ബാസ്കറ്റ്ബോൾ മത്സരം നടക്കുമ്പോഴാണ് ഭൂചലനം ഉണ്ടായത്. തുടർന്ന് സ്പോർട്സ് കോംപ്ലക്സ് തകർന്ന് നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. നിലവിൽ ഇവിടെ ഒരു മരണം സ്ഥിരീകരിച്ചു. 20 ഓളം പേരെ ആശുപത്രിയിലേക്ക് മാറ്റി.