'പലസ്തീന്റെ സ്വയംനിർണയ അവകാശത്തിലേക്കും രാഷ്ട്രപദവിയിലേക്കുമുള്ള പുതിയ പാത'; ട്രംപിന്റെ 20 ഇന ഗാസ പദ്ധതിയുടെ പൂര്‍ണരൂപം

ഗാസ വിടാന്‍ ആരെയും നിർബന്ധിക്കില്ല. ഗാസ വിട്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനും തിരികെവരണമെങ്കില്‍ അതിനും സ്വാതന്ത്ര്യമുണ്ടായിരിക്കും.
Benjamin Netanyahu, Donald Trump Gaza Plan
ബെഞ്ചമിന്‍ നെതന്യാഹു, ഡൊണാള്‍ഡ് ട്രംപ്Source: middleeasteye.net
Published on

ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ 20ഇന പദ്ധതിയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ചത്. ഗാസയെ ഭീകരവിമുക്തമാക്കുക, ബന്ദികളെ മോചിപ്പിക്കുക, ഹമാസിനെ നിരായുധീകരിക്കുക തുടങ്ങി പലസ്തീന് സ്വയംനിർണയ അവകാശത്തിനും രാഷ്ട്രപദവിക്കും അനുകൂലമായ സാഹചര്യം ഒരുക്കുന്നത് വരെയുള്ള കാര്യങ്ങളാണ് ട്രംപിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.

1. അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണിയാകാത്ത ഭീകരവിമുക്ത മേഖലയായി ഗാസ മാറും.

2. ആവശ്യത്തിലധികം യാതന അനുഭവിച്ച ഗാസയിലെ ജനതയുടെ ഉന്നമനത്തിനായി ഗാസയെ പുനർവികസിപ്പിക്കും.

3. ഇരുപക്ഷവും ഈ നിർദേശം അംഗീകരിക്കുകയാണെങ്കിൽ, യുദ്ധം ഉടനടി അവസാനിക്കും. ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കായി ഇസ്രയേല്‍ സൈന്യം അംഗീകരിക്കപ്പെട്ട അതിർത്തിയിലേക്ക് പിൻവാങ്ങും. ഈ സമയത്ത്, വ്യോമാക്രമണവും പീരങ്കിയാക്രമണവും ഉള്‍പ്പെടെ എല്ലാ സൈനിക നടപടികളും നിര്‍ത്തിവയ്ക്കും. ഘട്ടംഘട്ടമായുള്ള പിന്‍വാങ്ങലിനുള്ള വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നതുവരെ യുദ്ധസീമകള്‍ (battle lines) മരവിപ്പിക്കും.

4. ഈ കരാര്‍ ഇസ്രയേൽ പരസ്യമായി അംഗീകരിച്ച് 72 മണിക്കൂറിനുള്ളിൽ, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ബന്ദികളെയും തിരികെ നല്‍കും.

5. എല്ലാ ബന്ദികളെയും മോചിപ്പിച്ചുകഴിഞ്ഞാൽ, 2023 ഒക്ടോബർ ഏഴിനു ശേഷം തടവിലാക്കപ്പെട്ട സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 1700 ഗാസക്കാരെയും ജീവപര്യന്തം തടവുകാരായ 250 പേരെയും ഇസ്രയേല്‍ മോചിപ്പിക്കും. ഇസ്രയേലി ബന്ദികളുടെ ഭൗതികാവശിഷ്ടങ്ങള്‍ കൈമാറുന്നതിനൊപ്പം, മരിച്ച 15 ഗാസക്കാരുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇസ്രയേലും കൈമാറും.

6. ബന്ദികളായ എല്ലാവരും തിരികെ എത്തിക്കഴിഞ്ഞാല്‍, സമാധാനപരമായ സഹവർത്തിത്വത്തിനും ആയുധങ്ങൾ ഉപേക്ഷിക്കാനും തയ്യാറാകുന്ന ഹമാസ് അംഗങ്ങള്‍ക്ക് പൊതുമാപ്പ് നല്‍കും. ഗാസ വിടാന്‍ ആഗ്രഹിക്കുന്ന ഹമാസ് അംഗങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ സുരക്ഷിതമായ വഴിയൊരുക്കും.

Gaza attack
Source: X/ Ph.Gritti

7. ഈ കരാർ അംഗീകരിച്ചാലുടന്‍, ഗാസ മുനമ്പിലേക്ക് സമ്പൂര്‍ണ സഹായം അയയ്ക്കും. വെള്ളം, വൈദ്യുതി, മലിനജലം എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങളുടെ പുനരുദ്ധാരണം, ആശുപത്രികളുടെയും ബേക്കറികളുടെയും പുനരുദ്ധാരണം, അവശിഷ്ടങ്ങള്‍ നീക്കി റോഡുകള്‍ തുറക്കാന്‍ ആവശ്യമായ ഉപകരണങ്ങളുടെ പ്രവേശനം ഉള്‍പ്പെടെ 2025 ജനുവരി 19ലെ മാനുഷിക സഹായം സംബന്ധിച്ച കരാറിൽ ഉൾപ്പെടുത്തിയിരുന്ന അളവിലെങ്കിലും സഹായം ലഭ്യമാക്കും.

8. ഗാസ മുനമ്പിലെ സഹായ വിതരണത്തിന്റെ പ്രവേശനം ഇരുപക്ഷത്തിന്റെയും ഇടപെടലില്ലാതെ, ഐക്യരാഷ്ട്രസഭ അതിന്റെ ഏജൻസികള്‍, റെഡ് ക്രസന്റ്, ഏതെങ്കിലും കക്ഷിയുമായി ഒരു തരത്തിലും ബന്ധമില്ലാത്ത മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങൾ എന്നിവ വഴി തുടരും. 2025 ജനുവരി 19ലെ കരാർ പ്രകാരം നടപ്പാക്കിയ അതേ സംവിധാനത്തിലൂടെയാകും റഫ ക്രോസിങ് ഇരുവശത്തേക്കും തുറക്കുക.

9. ഗാസയിലെ ജനതയ്ക്ക് ദൈനംദിന പൊതുസേവനങ്ങളും മുനിസിപ്പാലിറ്റി ഭരണവും നൽകുന്നതിന് ഉത്തരവാദിത്തപ്പെട്ട, സാങ്കേതികവിദഗ്ധരുള്ള, രാഷ്ട്രീയാതീതമായ പലസ്തീന്‍ സമിതിയുടെ താല്‍ക്കാലിക പരിവര്‍ത്തനകാല ഭരണത്തിനു കീഴിലായിരിക്കും ഗാസ. യോഗ്യരായ പലസ്തീനികളെയും അന്താരാഷ്ട്ര വിദഗ്ധരെയും ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന സമിതി 'ബോർഡ് ഓഫ് പീസ്' എന്ന പുതിയ അന്താരാഷ്ട്ര സമിതിയുടെ കാഴ്ചപ്പാടിലും മേല്‍നോട്ടത്തിലുമാകും പ്രവര്‍ത്തിക്കുക. പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപ് അതിന് തലവനും അധ്യക്ഷനുമാകും. ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഉള്‍പ്പെടെ അംഗങ്ങളെയും മറ്റ് രാഷ്ട്രത്തലവന്മാരെയും പിന്നീട് പ്രഖ്യാപിക്കും. 2020ലെ ട്രംപിന്റെ സമാധാന പദ്ധതി, സൗദി-ഫ്രഞ്ച് നിർദേശം എന്നിവയുൾപ്പെടെ വിവിധ നിർദേശങ്ങളിൽ പറയുന്നതുപോലെ, പലസ്തീന്‍ അതോറിറ്റി അവരുടെ പരിഷ്കരണ പരിപാടി പൂര്‍ത്തിയാക്കുന്നതുവരെ, ഈ സമിതി ഗാസയുടെ പുനര്‍വികസനത്തിനുള്ള ചട്ടക്കൂട് തയ്യാറാക്കുകയും അതിന്റെ ഫണ്ടിങ് ഉള്‍പ്പെടെ കൈകാര്യവും ചെയ്യും. ഗാസയിലെ ജനതയെ സേവിക്കുന്നതും നിക്ഷേപം ആകര്‍ഷിക്കുന്നതുമായ ആധുനികവും കാര്യക്ഷമവുമായ ഭരണം സൃഷ്ടിക്കുന്നതിന് ഈ സമിതി മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ തേടും.

Benjamin Netanyahu, Donald Trump Gaza Plan
യുദ്ധം നിർത്തുന്നു! ഗാസയിൽ സമാധാനം; നിർണായക പ്രഖ്യാപനവുമായി നെതന്യാഹു

10. മിഡിൽ ഈസ്റ്റിലെ ചില ആധുനിക അത്ഭുത നഗരങ്ങളുടെ പിറവിക്ക് സഹായിച്ച വിദഗ്ധരുടെ പാനൽ വിളിച്ചുച്ചേര്‍ത്ത്, ഗാസയെ പുനർനിർമിക്കാനും ഊർജ്ജസ്വലമാക്കാനുമുള്ള ട്രംപ് സാമ്പത്തിക വികസന പദ്ധതി തയ്യാറാക്കും. ചിന്തനീയമായ ഒട്ടനവധി നിക്ഷേപ നിർദേശങ്ങളും ആവേശകരമായ വികസന ആശയങ്ങളും അന്താരാഷ്ട്ര ഗ്രൂപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഭാവിയിലെ ഗാസയ്ക്ക് തൊഴിലും, അവസരങ്ങളും, പ്രതീക്ഷയും നല്‍കുന്ന നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനും നടപ്പാക്കുന്നതിനുമായി, സുരക്ഷാ, ഭരണ ചട്ടക്കൂടുകൾ സമന്വയിപ്പിക്കുന്നതും പരിഗണിക്കും.

11. പങ്കാളി രാജ്യങ്ങളുമായി ചർച്ച ചെയ്ത് നിശ്ചിത താരിഫും പ്രവേശന നിരക്കുകളുമുള്ള പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കും.

12. ഗാസ വിടാന്‍ ആരെയും നിർബന്ധിക്കില്ല. ഗാസ വിട്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനും തിരികെവരണമെങ്കില്‍ അതിനും സ്വാതന്ത്ര്യമുണ്ടായിരിക്കും. ജനങ്ങളെ അവിടെ തുടരാൻ പ്രോത്സാഹിപ്പിക്കുകയും മെച്ചപ്പെട്ട ഗാസ കെട്ടിപ്പടുക്കാന്‍ അവര്‍ക്ക് അവസരം നൽകുകയും ചെയ്യും.

ഗാസ
ഗാസ Photo credit: Reuters

13. ഗാസ ഭരണത്തിൽ നേരിട്ടോ അല്ലാതെയോ ഏതെങ്കിലും തരത്തിലോ ഒരു പങ്കും വഹിക്കില്ലെന്ന് ഹമാസും മറ്റുള്ള വിഭാഗങ്ങളും സമ്മതിക്കണം. തുരങ്കങ്ങളും ആയുധ നിർമാണ ശാലകളും ഉൾപ്പെടെ എല്ലാ സൈനിക, ഭീകര, സായുധ അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കണം, പുനർനിർമിക്കുകയുമരുത്. സ്വതന്ത്ര നിരീക്ഷകരുടെ മേല്‍നോട്ടത്തില്‍ ഗാസയെ സൈനികമുക്തമാക്കുന്ന പ്രക്രിയയുണ്ടാകും. അംഗീകരിക്കപ്പെട്ട ഡീകമ്മീഷന്‍ പ്രക്രിയയിലൂടെ ആയുധങ്ങള്‍ സ്ഥിരമായി ഉപയോഗശൂന്യമാക്കുക, അന്താരാഷ്ട്ര ധനസഹായത്തോടെ അവ തിരികെവാങ്ങുക (buy back), റീ ഇന്റഗ്രേഷന്‍ പ്രോഗ്രാം എന്നിവയും സ്വതന്ത്ര നിരീക്ഷകര്‍ പരിശോധിക്കും. സമ്പന്നമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും, അയല്‍രാജ്യങ്ങളുമായി സമാധാനപരമായ സഹവര്‍ത്തിത്വത്തിനും പുതിയ ഗാസ പരിപൂര്‍ണ പ്രതിജ്ഞാബദ്ധമായിരിക്കും.

14. ഹമാസും മറ്റ് വിഭാഗങ്ങളും തങ്ങളുടെ പ്രതിബദ്ധതകള്‍ പാലിക്കുന്നുണ്ടെന്നും, പുതിയ ഗാസ അയല്‍ രാജ്യങ്ങള്‍ക്കോ ജനങ്ങൾക്കോ ഒരു ഭീഷണിയാകുന്നില്ലെന്നും ഉറപ്പാക്കുന്നതില്‍ പ്രാദേശിക പങ്കാളികളുടെ ഉറപ്പുണ്ടാകും.

15. ഗാസയിൽ ഉടനടി വിന്യസിക്കുന്നതിനായി ഒരു താൽക്കാലിക അന്താരാഷ്ട്ര സ്ഥിരതാ സേന (International Stabilization Force -ഐഎസ്എഫ്) രൂപീകരിക്കാൻ യുഎസ് അറബ്, അന്താരാഷ്ട്ര പങ്കാളികള്‍ക്കൊപ്പം പ്രവര്‍ത്തിക്കും. ഗാസയിലെ പരിശോധിച്ച് ഉറപ്പാക്കിയ പലസ്തീനിയന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഐഎസ്എഫ് പരിശീലനവും പിന്തുണയും നല്‍കും. ഈ രംഗത്ത് വിശാലമായ അനുഭവസമ്പത്തുള്ള ജോർദാനുമായും ഈജിപ്തുമായും കൂടിയാലോചനകൾ നടത്തും. ഈ സേന ദീർഘകാല ആഭ്യന്തര സുരക്ഷാ പരിഹാരമായിരിക്കും. ഐഎസ്എഫ് ഇസ്രയേലുമായും ഈജിപ്തുമായും ചേർന്ന്, പുതുതായി പരിശീലനം ലഭിച്ച പലസ്തീനിയന്‍ പൊലീസ് സേനയ്ക്കൊപ്പം അതിര്‍ത്തി പ്രദേശങ്ങള്‍ സുരക്ഷിതമാക്കാന്‍ സഹായിക്കും.

16. ഇസ്രയേല്‍ ഗാസ കൈയ്യടക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യില്ല. ഐഎസ്എഫ് നിയന്ത്രണവും സ്ഥിരതയും കൈവരിക്കുമ്പോള്‍, ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പിൻവാങ്ങും. ഇസ്രയേലിനോ, ഈജിപ്തിനോ അവിടത്തെ ജനങ്ങള്‍ക്കോ ഭീഷണിയാകാത്ത സുരക്ഷിത ഗാസ എന്ന ലക്ഷ്യത്തിനൊപ്പം, ഇസ്രയേല്‍ സേനയും ആഗോള മധ്യസ്ഥരും യുഎസും തമ്മില്‍ ധാരണയിലെത്തിയ ഗാസയെ സൈനികമുക്തമാക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍, നാഴികക്കല്ലുകള്‍, സമയപരിധികള്‍ എന്നിവയുടെ അടിസ്ഥാനത്തിലാകും ഇസ്രയേല്‍ സേനയുടെ പിന്മാറ്റം.

Benjamin Netanyahu, Donald Trump Gaza Plan
"മിഡില്‍ ഈസ്റ്റിന് മഹത്തായൊരു ദിനം"; ഗാസയില്‍ യുദ്ധം അവസാനിക്കുന്നെന്ന സൂചനയുമായി ട്രംപ്; തീരുമാനമായിട്ടില്ലെന്ന് നെതന്യാഹു

17. ഈ നിര്‍ദേശം ഹമാസ് വൈകിപ്പിക്കുകയോ, നിരസിക്കുകയോ ചെയ്താല്‍, വര്‍ധിപ്പിച്ച സഹായ നടപടി ഉള്‍പ്പെടെ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഇസ്രയേല്‍ സേന ഐഎസ്എഫിന് കൈമാറിയ ഭീകരരഹിത മേഖലകളില്‍ നടപ്പാക്കും.

18. സമാധാനത്തില്‍നിന്ന് ലഭിക്കാവുന്ന നേട്ടങ്ങളെ ഊന്നിപ്പറഞ്ഞുകൊണ്ട്, പലസ്തീനികളുടെയും ഇസ്രയേലികളുടെയും ചിന്താഗതികളെയും ആഖ്യാനങ്ങളെയും മാറ്റാനുള്ള ശ്രമമെന്നോണം, സഹിഷ്ണുതയുടെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളെ അടിസ്ഥാനമാക്കി ഒരു മതാന്തര സംഭാഷണ പ്രക്രിയ കൊണ്ടുവരും.

Gaza
Source/ @v_lemire

19. ഗാസയുടെ പുനർവികസനം പുരോഗമിക്കുകയും പലസ്തീൻ അതോറിറ്റിയുടെ പരിഷ്‌കരണ പദ്ധതി വിശ്വസ്തതയോടെ നടപ്പാക്കുകയും ചെയ്യുമ്പോൾ, പലസ്തീൻ ജനതയുടെ അഭിലാഷമായി നാം തിരിച്ചറിഞ്ഞിട്ടുള്ള സ്വയംനിർണയ അവകാശത്തിലേക്കും രാഷ്ട്രപദവിയിലേക്കുമുള്ള വിശ്വസനീയമായ ഒരു വഴിക്കുള്ള സാഹചര്യങ്ങൾ ഒടുവില്‍ ഒരുങ്ങിയേക്കാം.

20. സമാധാനപരവും സമൃദ്ധവുമായ സഹവർത്തിത്വത്തിനായുള്ള രാഷ്ട്രീയ സാഹചര്യം അംഗീകരിക്കുന്നതിലേക്കായി ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംവാദം യുഎസ് സംഘടിപ്പിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com