ടോക്കിയോ: മ്യാൻമാറിൽ സൈന്യം തടങ്കലിലാക്കിയ ജനാധിപത്യ അവകാശ പ്രവർത്തകയും നോബേൽ പുരസ്കാര ജേതാവുമായ ഓങ് സാൻ സൂ ചി മരിച്ചിട്ടുണ്ടാകാമെന്ന ആശങ്ക പ്രകടിപ്പിച്ച് മകൻ കിം ആരിസ്. രണ്ട് വർഷമായി അമ്മയെ കാണാനോ സംസാരിക്കാനോ സാധിച്ചിട്ടില്ലെന്ന് കിം പറയുന്നു. രാജ്യദ്രോഹം, അഴിമതി, തെരഞ്ഞെടുപ്പ് ക്രമക്കേട് ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തി 27 വർഷത്തെ തടവ് ശിക്ഷയാണ് സൂ ചിക്ക് സൈനിക ഭരണകൂടം വിധിച്ചത്. നിലവിൽ അവർ മ്യാൻമാറിലെ നയ്പിഡോയിൽ ഏകാന്ത തടവിൽ കഴിയുന്നതായാണ് വിവരം.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ 2021 ഫെബ്രുവരി ഒന്നിന് വീണ്ടും സൈന്യം അട്ടിമറിച്ചത് മുതൽ നാഷനൽ ലീഗ് ഫോർ ഡെമോക്രസി നേതാവായ ഓങ് സാൻ സൂ ചി തടവിലാണ്. രാജ്യദ്രോഹം, അഴിമതി, തെരഞ്ഞെടുപ്പ് ക്രമക്കേട് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 27 വർഷത്തെ തടവ് ശിക്ഷയാണ് അവർക്ക് വിധിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി അമ്മയെ കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് മകൻ കിം ആരിസ് പറയുന്നത്.
സൂ ചിക്ക് നിരവധി അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും 80 വയസായ അവർ മരിച്ചിട്ടുണ്ടാകാമെന്നും മകൻ കിം ആരിസ് പറയുന്നു. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേർസിന് നൽകിയ അഭിമുഖത്തിലാണ് മകൻ്റെ പരാമർശം. കഴിഞ്ഞ രണ്ട് വർഷമായി അമ്മയുമായി നേരിട്ട് സംസാരിക്കാനോ കാണാനോ സാധിച്ചിട്ടില്ലെന്നും, അമ്മയെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് ലഭ്യമാകുന്നതെന്നും ടോക്കിയോയിൽ നൽകിയ അഭിമുഖത്തിൽ കിം ആരിസ് പറഞ്ഞു.
നയ്പിഡോയിലെ ജയിലിൽ കടുത്ത ഏകാന്ത തടവിലാണ് സൂ ചി കഴിഞ്ഞിരുന്നത്. എന്നാൽ പിന്നീട് അവരെ നയ്പിഡോയിലെ ഒരു അജ്ഞാത കേന്ദ്രത്തിലേക്ക് ഇവരെ മാറ്റിയെന്നാണ് വിവരം. ഇവിടെ വീട്ടുതടങ്കലിലോ സെന്യത്തിന്‍റെ തടവിലോ ആയിരിക്കാമെന്നാണ് റിപ്പോർട്ടുകൾ. വേനൽക്കാലത്തും ശൈത്യകാലത്തും സെല്ലിലെ താപനില അസഹനീയമാണെന്ന് രണ്ട് വർഷം മുമ്പ് ലഭിച്ച അവസാന കത്തിൽ സൂ ചി പരാതിപ്പെട്ടിരുന്നതായി മകൻ ഓർത്തെടുത്തു.
അമ്മയുടെ ജീവന് ഭീഷണിയുണ്ടെന്നും, ലോകരാജ്യങ്ങളുടെ ശ്രദ്ധ മറ്റ് വിഷയങ്ങളിലേക്ക് മാറിയതിനാൽ മ്യാൻമാറിലെ ജനാധിപത്യ ധ്വംസനം അവഗണിക്കപ്പെടുകയാണെന്നും കിം ആരിസ് പറഞ്ഞു. സൂ ചിയെ ഉടൻ മോചിപ്പിക്കണമെന്നും, അല്ലെങ്കിൽ വീട്ടുകാരുമായി ബന്ധപ്പെടാനും വിദഗ്ദ്ധ ചികിത്സ നൽകാനും സാധിക്കുന്ന തരത്തിൽ വീട്ടുതടങ്കലിലേക്ക് മാറ്റുന്നതിനായി ഇടപെടണമെന്ന് അദ്ദേഹം ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളോട് അഭ്യർഥിച്ചു. എന്നാൽ സൂ ചിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സൈനിക ഭരണകൂടം നിഷേധിച്ചു. സൂ ചി സുഖമായിരിക്കുന്നു എന്നാണ് ഭരണകൂടം അവകാശപ്പെടുന്നത്.